വിരലിന് പരിക്കേറ്റ ഷാക്കിബ് നാട്ടിലേക്ക് മടങ്ങി. ലോകോത്തര ഓള്‍റൗണ്ടറായ ഷാക്കിബിന്‍റെ അസാന്നിധ്യം ഫൈനലില്‍ ബംഗ്ലാ കടുവകള്‍ക്ക് തിരിച്ചടിയാവും...
ദുബായ്: ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് ഫൈനലിന് മുന്‍പ് ബംഗ്ലാദേശിന് കനത്ത പ്രഹരം. വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ഫൈനലില്‍ കളിക്കാനാവില്ല. നാട്ടിലേക്ക് മടങ്ങിയ ഷാക്കിബ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തി.
വിരലിന് നീര് വര്‍ദ്ധിച്ചതിനാല്‍ ഷാക്കിബിന് ബാറ്റേന്താന്‍ കഴിയുന്നില്ലെന്ന് മാനേജര്‍ ഖലീദ് മഹമൂദ് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് പറഞ്ഞു. താരത്തിന് ശസ്ത്രക്രിയ അനിവാര്യമാണെന്നും തുടര്‍ ചികിത്സകള്‍ക്കായി ഉടന്‍ യുഎസ്എയിലേക്ക് പോകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനെതിരായ സെമി പോരാട്ടം നേരത്ത താരത്തിന് നഷ്ടമായിരുന്നു. എന്നാല്‍ മത്സരത്തില്‍ പാക്കിസ്ഥാനെ 37 റണ്‍സിന് തോല്‍പിച്ച് ബംഗ്ലാദേശ് കലാശക്കളിക്ക് യോഗ്യത നേടി. ഏഷ്യാകപ്പില്‍ അവസാന നാല് എഡിഷനുകളില്‍ ഇത് മൂന്നാം തവണയാണ് ബംഗ്ലാ കടുവകള്‍ ഫൈനല്‍ കളിക്കുന്നത്.
