ഏഷ്യാകപ്പില്‍ ഫീല്‍ഡിംഗ് റെക്കോര്‍ഡ് സ്വന്തമാക്കി ധവാന്‍. ഇടംപിടിച്ചത് സച്ചിന്‍, ദ്രാവിഡ്, ഗവാസ്‌കര്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍!

ദുബായ്: ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യന്‍ താരം ശീഖര്‍ ധവാന്‍റ പ്രകടനം ഒട്ടും ആശ്വാസ്യകരമായിരുന്നില്ല. എന്നാല്‍ യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പില്‍ ധവാന്‍ മികച്ച ഫോമിലാണ്. ബംഗ്ലാദേശിനെതിരെ ബാറ്റിംഗില്‍ തിളങ്ങിയ ധവാന്‍ ഫീല്‍ഡിംഗിലും മികച്ചുനിന്നു. നാല് ക്യാച്ചുമായി ഫീല്‍ഡില്‍ താരമായപ്പോള്‍ ധവാന്‍ അപൂര്‍വ്വ നേട്ടത്തിന് ഒപ്പമെത്തി. 

ബംഗ്ലാദേശ് താരങ്ങളായ നസ്‌മുല്‍ ഹെസൈന്‍, ഷാക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍, മുസ്‌താഫിസര്‍ എന്നിവരെയാണ് ധവാന്‍ പിടികൂടിയത്. ഇതോടെ ഏകദിനത്തില്‍ ഒരു മത്സരത്തില്‍ കൂടുതല്‍ ക്യാച്ചെടുത്ത ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍, ദ്രാവിഡ് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ധവാന്‍ ഇടംപിടിച്ചു. ഗവാസ്‌കര്‍, അസറുദീന്‍, കൈഫ്, ലക്ഷ്‌മണ്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍. 

മത്സരത്തില്‍ ബംഗ്ലാ കടുവകള്‍ക്കെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. നായകന്‍ രോഹിത് ശര്‍മ്മയുടെ 83 റണ്‍സും ധവാന്‍റെ 40 റണ്‍സുമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.