ഏഷ്യാകപ്പില്‍ ഇതുവരെ പിറന്ന ഏറ്റവും മികച്ച ക്യാച്ച് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മൊര്‍ത്താസ എടുത്തതായിരിക്കാം എന്ന് പറയേണ്ടിയിരിക്കുന്നു. അത്ര സുന്ദരമായിരുന്നു ഈ മുഴുനീള ഡൈവിംഗ് ക്യാച്ച്. 

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് അവസാനിക്കാന്‍ ഒരു മത്സരം മാത്രം അവശേഷിക്കേ ഒരു കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. ഫൈനലില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ടൂര്‍ണമെന്‍റിലെ മികച്ച ക്യാച്ചായി പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന്‍റെ മൊര്‍ത്താസ എടുത്ത ക്യാച്ച് വിലയിരുത്തപ്പെട്ടേക്കും. 

റൂബേല്‍ എറിഞ്ഞ ഇരുപത്തിയൊന്നാം ഓവറിലാണ് മൊര്‍ത്താസ പന്തുമായി നിലത്ത് പറന്നിറങ്ങിയത്. ഓവര്‍ മിഡ് വിക്കറ്റിലൂടെ ചിപ്പ് ചെയ്യാനുള്ള മാലിക്കിന്‍റെ പ്ലാന്‍ മൊര്‍ത്തായ മുഴുനീള ഡൈവിംഗിലൂടെ പറന്ന് തടുക്കുകയായിരുന്നു. പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്‍റെ 37 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായത് മാലിക്കിന്‍റെ ഈ വിക്കറ്റായിരുന്നു.

Scroll to load tweet…

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്‌ഫീഖറിന്‍റെ 99 റണ്‍സ് ബലത്തില്‍ 239 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ ഇമാം അല്‍ ഹഖ് മാത്രം ചെറുത്തുനില്‍പ് നടത്തിയപ്പോള്‍ പാക്കിസ്ഥാന് 202 റണ്‍സേ എടുക്കാനായുള്ളൂ. ഇമാമുമായി വമ്പന്‍ കൂട്ടുകെട്ടിന് ശ്രമിച്ച മാലിക് 30 റണ്‍സെടുത്ത് പുറത്തായത് മത്സരത്തിന്‍റെ ഗതി മാറ്റി. വെള്ളിയാഴ്‌ച്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്‍റെ എതിരാളികള്‍.