ക്വാലാലംപൂര്‍: ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി ആര്‍ ശ്രീജേഷ് വാക്കുപാലിച്ചു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനത്തിന് ഹോക്കിയിലെ ജയത്തിലൂടെ മറുപടി പറയുമെന്ന ശ്രീജേഷിന്റെ വാക്കുകള്‍ പൊന്നായി. ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ പാക്കിസ്ഥാനെ ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. 1-2ന് പിന്നില്‍ നിന്നശേഷം തിരിച്ചടിച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയാണ് ആദ്യം ഗോള്‍ നേടിയത്. പ്രദീപ് മോറായിരുന്നു ഇന്ത്യയുടെ സ്കോറര്‍. ഒറുഗോള്‍ ലീഡില്‍ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിപ്പിച്ച ഇന്ത്യയെ ഞെട്ടിച്ച് മൂന്നാം ക്വാര്‍ട്ടറില്‍ പാക്കിസ്ഥാന്‍ ഒപ്പമെത്തി. മുഹമ്മദ് റിസ്‌വാന്‍ സീനിയറിലൂടെയിരുന്നു പാക്കിസ്ഥാന് സമനില സമ്മാനിച്ചത്. അധികം വൈകാതെ മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയറിലൂടെ പാക്കിസ്ഥാന്‍ മുന്നിലെത്തിയതോടെ ഇന്ത്യ ആക്രമണം കനപ്പിച്ചു.

അതിന് അധികം വൈകാതെ ഫലമുണ്ടായി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യയെ ഒപ്പമെത്തിച്ചു. പാക്കിസ്ഥാന്‍ ആക്രമണത്തിനെതിരെ നടത്തിയ പ്രത്യാക്രമണത്തിനൊടുവില്‍ രമണ്‍ദീപ് ആണ് ഇന്ത്യയുടെ വിജയഗോള്‍ നേിടയത്. ആദ്യമത്സരത്തില്‍ ജപ്പാനെ 10-2ന് തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയോട് 1-1 സമനില വഴങ്ങിയിരുന്നു. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ആതിഥേയരായ മലേഷ്യായാണ് ഒന്നാമത്.