ദുബായ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ അര്‍ജന്റീനിയന്‍ ഇതിഹാസം ലിയോണല്‍ മെസ്സിയുമായി താരതമ്യം ചെയ്ത് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. രാജ്യാന്തര ഫുട്ബോളിലെ ഗോള്‍വേട്ടയില്‍ ഛേത്രി, മെസ്സിയെ അടുത്തിടെ മറികടന്നിരുന്നു. ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ബഹറിനെ നേരിടാനിറങ്ങും മുമ്പ് മാധ്യമങ്ങളെക്കണ്ടപ്പോഴാണ് കോണ്‍സ്റ്റന്റൈന്റെ പ്രതികരണം.

നിങ്ങള്‍ ഛേത്രിയെ മെസ്സിയുമായി താരതമ്യം ചെയ്യുന്നു. എന്നാല്‍ ഞാന്‍ പറയുന്നു ഇന്ത്യയുടെ മെസ്സിയാണ് ഛേത്രിയെന്ന്. രാജ്യത്തിനായും ക്ലബ്ബിനായും ഗോളടിച്ചുകൂട്ടുന്ന കളിക്കാരന്‍. ഇനിയും എത്രകാലം അദ്ദേഹം ഇത് തുടരുമെന്ന് എനിക്കറിയില്ല. എങ്കിലും ഇത് തുടരട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്-കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ ബഹറിനെതിരെ ജയിച്ച് പ്രീക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യക്കാവുമെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. സമനില നേടിയാലും പ്രീ ക്വാര്‍ട്ടറിലെത്താമെങ്കിലും സമനില ലക്ഷ്യമിട്ടല്ല ഞങ്ങള്‍ കളിക്കുക. വിജയം തന്നെയാണ് ലക്ഷ്യം. സമനിലയെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതുപോലുമില്ല. സമനിലക്കായി എങ്ങനെയാണ് കളിക്കുക എന്നതും തന്റെ ടീമിന് അറിയില്ലെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.