ദില്ലി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള പട്ടിക സെലക്ഷന്‍ കമ്മിറ്റി ചേരും മുന്‍പേ അയച്ചെന്ന് വെളിപ്പെടുത്തല്‍. സാധ്യതാ പട്ടിക ലണ്ടനിലേക്ക് അയച്ചത് ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന്‍ നായരാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ലണ്ടനിലേക്ക് അയക്കാനുള്ള പട്ടിക നേരത്തെ തയാറാക്കിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

അതേസമയം ഈ പട്ടികയില്‍ ഇല്ലാതിരുന്ന സ്റ്റിപ്പിള്‍ ചേ്‌സ് താരം സുധാ സിംഗിന്റെ പേര് അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുധ സിംഗിന്റെ പേര് വെട്ടാന്‍ മറന്നുപോയതാകുന്നമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേ സമയം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്താത്തതില്‍ ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജിഎസ് രണ്‍ധാവെ രംഗത്തെത്തി.

ചിത്രയെ ഒഴിവാക്കിയത് അറിഞ്ഞില്ലെന്നും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിനു പോകാനുള്ള ടീമിന്റെ അന്തിമ പട്ടിക കാണിച്ചിരുന്നില്ലെന്ന് സമിതി ചെയര്‍മാനായ രണ്‍ധാമെ വ്യക്തമാക്കി. ചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കാനുള്ള അവസാന തിയതി ഈ മാസം 24 നായിരുന്നു. ഓരോ ഇനത്തിലും മത്സരിക്കുന്ന താരങ്ങളുടെ പട്ടിക അ്ത്‌ലറ്റിക് ഫെഡറേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചിത്രയെ ഒഴിവാക്കിയത് അവസാന നിമിഷമായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയവരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അന്തിമ പട്ടിക തയാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയല്ലെന്നും ഫെഡറേഷനാണെന്നും രണ്‍ധാവെ വ്യക്തമാക്കി. ലോക റാങ്കിംഗില്‍ 200 ന് മുകളിലാണെന്ന് ചൂണ്ടികാട്ടി ഫെഡറേഷന്‍ ലോകഅത്‌ലറ്റിക് ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു