മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും സ്വന്തമാക്കിയ ജംഷഡ്പുര്‍ ബ്ലാസ്റ്റേഴ്സിനെ താഴേക്ക് ഇറക്കി രണ്ടാം സ്ഥാനത്തേക്ക് കയറി


ജംഷഡ്പൂര്‍: ഗോളിമാര്‍ രണ്ട് പേര്‍ക്കും പിഴച്ച മത്സരത്തില്‍ എടികെയും ജംഷഡ്പുര്‍ എഫ്സിയും സമനിലയില്‍ പിരിഞ്ഞു. ആദ്യപകുതിയില്‍ ഇരു ടീമുകളും ഒരോതവണ വലചലിപ്പിച്ചപ്പോള്‍ ബാക്കിയുള്ള സമയമെല്ലാം പൊരുതിയിട്ടും രണ്ട് സംഘങ്ങള്‍ക്കും വിജയ ഗോള്‍ സ്വന്തമാക്കാനായില്ല.

35-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ സെര്‍ജിയോ സിഡോന്‍ഷ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജംഷഡ്പുരിനെ മുന്നിലെത്തിച്ചു. തിരിച്ചടികള്‍ക്ക് ശേഷം ഒരു കളിയില്‍ വിജയം നേടിയതിന്‍റെ ആശ്വാസത്തിലത്തിയ എടികെ പിന്നിലായതോടെ നല്ല പോരാട്ടം കാഴ്ചവെച്ചു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടെെമില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് നേരിട്ട് പന്ത് വലിയിലെത്തിച്ച മാനുവല്‍ ലാന്‍സറോട്ടെ കൊല്‍ക്കത്തയുടെ സമനില കണ്ടെത്തി. എന്നാല്‍, പിന്നീട് ലഭിച്ച അവസരങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ കഴിയാതിരുന്നതോടെ കളി വിരസമായ സമനിലയിലേക്ക് നീങ്ങി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും സ്വന്തമാക്കിയ ജംഷഡ്പുര്‍ ബ്ലാസ്റ്റേഴ്സിനെ താഴേക്ക് ഇറക്കി രണ്ടാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളില്‍ രണ്ട് തോല്‍വികളും ഒന്നു വീതം ജയവും സമനിലയുമുള്ള കൊല്‍ക്കത്ത ഏഴാമതാണ്.