കൊൽക്കത്ത: പത്തുപേരായി ചുരുങ്ങിയിട്ടും തളരാത്ത പോരാട്ടവീര്യവുമായി കളം നിറഞ്ഞു കളിച്ച അത്‌ലറ്റിക്കോ ഡി കോൽക്കത്ത സ്വന്തം തട്ടകത്തിൽ ഡൽഹിയെ ഏക ഗോളിന് വീഴ്ത്തി. ഇയാൻ ഹ്യൂം ആണ് കൊല്‍ക്കത്തയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ പോയന്റ് പട്ടികയിൽ ഒമ്പത് പോയന്റുമായി കൊൽക്കത്ത രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. തോല്‍വിയോടെ ഡല്‍ഹി അഞ്ചാം സ്ഥാനത്തേക്ക് വീണു.
കൊൽക്കത്തയുടെ ഹെൻട്രിക് സെറീനോ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതിനു തൊട്ടുപിന്നാലെയാണ് നിറയൊഴിച്ചത്. 76–ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ഹ്യുമിന്റെ ഗോൾ. തൊട്ടതെല്ലാം പിഴച്ച ഡൽഹി തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു.73 –ാം മിനിറ്റിൽ സെറീനോയുടെ ചുവപ്പു കാർഡിനു കാരണമായ ഫൗളിനു ഡൽഹിക്ക് പെനൽറ്റി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മാർസിലെനോയുടെ പെനാൽറ്റി കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
പത്തുപേരായി ചുരുങ്ങിയെങ്കിലും പ്രതിരോധത്തിലേക്ക് വലിയാതെ കോൽക്കത്ത പ്രത്യാക്രമണം ശക്തമാക്കുകയാണ് ചെയ്തത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ അവർ ലക്ഷ്യം കാണുകയും ചെയ്തു.
ചിത്രത്തിന് കടപ്പാട്-http://www.indiansuperleague.com/
