കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അത്‌ല‌റ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് കിരീടം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും സമനില(1-1) പാലിച്ചതിനെത്തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ കേരളത്തിനായി അന്റോണിയോ ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, മുഹമ്ദ് റഫീഖ് എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ എന്‍ഡോയെയുടെയും ഹെംഗ്ബര്‍ട്ടിന്റെയും കിക്കുകള്‍ പാഴായി.

കൊല്‍ക്കത്തയ്ക്കായി ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂം പെനല്‍റ്റി നഷ്ടമാക്കിയെങ്കിലും സമീഗ് ദൗത്തി, ബോര്‍ജ ഫെര്‍ണാണ്ടസ്, ജാവിയര്‍ ലാറ, ജുവല്‍ രാജ എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ അവസാന കിക്കെടുത്ത ഹെംഗബര്‍ട്ടിന് പിഴച്ചപ്പോള്‍ ജുവല്‍ രാജ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന് അവസരം ഒന്നും നല്‍കാതെ പന്ത് വലയിലെത്തിച്ചു. മൂന്ന് സീസണുകളില്‍ അത്‌ലറ്റിക്കോയുടെ രണ്ടാം കിരീടം നേട്ടമാണിത്. കേരളത്തിന്റെ രണ്ടാം ഫൈനല്‍ തോല്‍വിയും.

നിശ്ചിതസമയത്ത് കളിയുടെ ഗതിക്ക് വിപരീതമായി 37-ാം മിനിട്ടില്‍ മുഹമ്മദ് റാഫി കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍ ആദ്യപകുതി തീരുന്നതിന് തൊട്ടുമുമ്പ് സെറോനോ കൊല്‍ക്കത്തയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ ഇരുടീമുകളും കരുതലോടെ കളിച്ചപ്പോള്‍ അധികം ഗോളവസരങ്ങളൊന്നും പിറന്നില്ല.