മത്സരം കാണാന്‍ കുടുംബസമേതമാണ് നഥാന്‍ മക്കല്ലം ഈഡന്‍ പാര്‍ക്കിലെത്തിയത്. അവിടെയെത്തിയ ഇന്ത്യന്‍ ആരാധകരെ കണ്ട് താരം അമ്പരക്കുകയും ചെയ്തു. 

ഓക്‌ലന്‍ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ലോകത്തിന്‍റെ ഏത് കോണില്‍ പറന്നെത്തിയാലും അവിടെ ആരാധകര്‍ തടിച്ചുകൂടും. അത്രത്തോളം ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഓക്‌ലന്‍ഡില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് രണ്ടാം ടി20 കാണാനും ഇന്ത്യന്‍ ആരാധകര്‍ തടിച്ചുകൂടി. അത് കണ്ട് അന്തംവിട്ടത് മുന്‍ കിവീസ് താരം നഥാന്‍ മക്കല്ലമാണ്. 

ഈഡന്‍ പാര്‍ക്ക് ഇന്ത്യന്‍ കാണികള്‍ അവിസ്‌മരണീയമാക്കി. ഇന്ത്യക്കാര്‍ ശബ്ദമുകരിതവും ആവേശവുമായി. ഇന്ത്യന്‍ ടീമിനോടും താരങ്ങളോടുമുള്ള ഈ കടുത്ത ആരാധന ഇഷ്ടപ്പെടുന്നു. ഇതൊക്കെ കണ്ട് താന്‍ ഇന്ത്യയിലാണെന്ന് തോന്നിച്ചു എന്നും മുന്‍ സ്‌പിന്നര്‍ ട്വീറ്റ് ചെയ്തു. മത്സരം കാണാന്‍ കുടുംബസമേതമാണ് നഥാന്‍ മക്കല്ലം ഈഡന്‍ പാര്‍ക്കിലെത്തിയത്.

ഓക്‌ലന്‍ഡില്‍ ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിര തീര്‍ത്ത മത്സരത്തില്‍ വിജയം നീലപ്പടയ്ക്കൊപ്പമായിരുന്നു. ഓക്‌ലന്‍ഡില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. രോഹിത് ശര്‍മ (50), ഋഷഭ് പന്ത് (40*), ശിഖര്‍ ധവാന്‍ (30) എന്നിവരുടെ മികവില്‍ 159 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ എത്തിപ്പിടിച്ചു. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി(1-1).