തന്‍റെ ഭാഗം കേള്‍ക്കാതെ അപ്പീല്‍ അനുവദിച്ചത് ശരിയായില്ലെന്ന് സ്മിത്ത്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയ്ക്ക് രണ്ട് കളിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ ഐസിസി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. നടപടി തെറ്റായ കീഴ്വഴക്കത്തിന്‍റെ തുടക്കമെന്ന് ഓസീസ് നായകന്‍ കുറ്റപ്പെടുത്തി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്തിന്‍റെ വിമര്‍ശനം. 

തന്‍റെ തോളിലുരസിയതിനാണ് റബാഡയെ വിലക്കിയത്. എന്നിട്ടും തന്‍റെ ഭാഗം കേള്‍ക്കാതെ അപ്പീല്‍ അനുവദിച്ചത് ശരിയായില്ലെന്നും സ്മിത്ത് തുറന്നടിച്ചു. മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാതിരിക്കുന്ന കീഴ്വഴക്കം ഓസ്ട്രേലിയ ഇനിയങ്ങോട്ട് പുനപരിശോധിക്കുമെന്നും സ്മിത്ത് പറഞ്ഞു. 

പോര്‍ട്ട് എലിസബത്തില്‍ ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ വിക്കറ്റെടുത്ത ശേഷമാണ് റബാഡ സ്മിത്തിനെ തോളുകൊണ്ടിച്ചത്. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ പേസറെ രണ്ട് മത്സരത്തില്‍ നിന്ന് വിലക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അറിഞ്ഞുകൊണ്ടല്ല തോളില്‍ തട്ടിയതെന്ന റബാഡയുടെ വിശദികരണം ഐസിസി അംഗീകരിക്കുകയായിരുന്നു.