ബംഗളുരു: രവീന്ദ്ര ജഡേജ ആറു വിക്കറ്റുകളുമായി കളംനിറഞ്ഞപ്പോള്‍ ബംഗളുരു ടെസ്റ്റില്‍ ഓസ്‌ട്രേലിയ 276 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയയ്‌ക്ക് 87 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 50 റണ്‍സ് എന്ന നിലയിലാണ്. ഇപ്പോള്‍ ഓസ്ട്രേലിയയ്ക്കേള്‍ 37 റണ്‍സ് പിന്നിലാണ് ഇന്ത്യ. 16 റണ്‍സെടുത്ത അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. 27 റണ്‍സോടെ കെ എല്‍ രാഹുലും അഞ്ചു റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ഹസ്ല്‍വുഡാണ് അഭിനവ് മുകുന്ദിനെ പുറത്താക്കിയത്.
നേരത്തെ ആറിന് 237 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളു. മാത്യൂ വാഡെ 40 റണ്‍സും മിച്ചല്‍ സ്റ്റാര്‍ക്ക് 26 റണ്‍സുമെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 63 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ജഡേജയാണ് ബൗളിംഗില്‍ തിളങ്ങിയത്. അശ്വിന്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
