ധാക്ക: ബംഗ്ലാദേശിലെ സ്പിന്‍ ചുഴിയില്‍ കറങ്ങി വീണ് ഓസ്ട്രലിയ. ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിലെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രലിയ 217ന് പുറത്തായി. സ്പിന്നര്‍മാരായ ഷാക്കിബ് അള്‍ ഹസനും മെഹിദി ഹസനുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. 25.5 ഓവറില്‍ 68 റണ്‍സ് മാത്രം വഴങ്ങിയാണ് ഷാക്കിബ് അഞ്ച് വിക്കറ്റുകള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 10 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിരുന്നു. ഇതോടെ ബംഗ്ലാദേശിന് 43 റണ്‍സ് ലീഡായി.

8 റണ്‍സെടുത്ത നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ മെഹിദി ഹസന്‍ വീഴ്ത്തി. 45 റണ്‍സ് നേടിയ മാറ്റ് റെന്‍ഷോയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ആഷ്ടണ്‍ അഗര്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വാലറ്റത്ത് പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് അഗര്‍ നടത്തിയ ചെറുത്തുനില്‍പാണ് ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോര്‍ നല്കിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോബ് 33 റണ്‍സും ഗ്ലെന്‍ മാക്സവെല്‍ 23 റണ്‍സുമെടുത്തു.