ബ്രിസ്‌ബെയ്ന്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് 39 റണ്‍സ് വിജയം. 490 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യത്തിനെതിരെ പോരാടിയ പാകിസ്ഥാന്‍, 450 റണ്‍സ് വരെയെത്തിയശേഷമാണ് പുറത്തായത്. സെഞ്ച്വറി നേടിയ ആസാദ് ഷഫീഖ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പാണ്, വിജയത്തിന് അരികെ വരെ എത്താന്‍ പാകിസ്ഥാനെ സഹായിച്ചത്. 140 പന്തിലാണ് ആസാദ് ഷഫീഖ് സെഞ്ച്വറിയില്‍ എത്തിയത്. മൊഹമ്മദ് ആമിര്‍ 48 റണ്‍സും വഹാബ് റിയാസ് 30 റണ്‍സും യാസിര്‍ ഷാ 33 റണ്‍സും നേടി. എട്ടിന് 382 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച പാകിസ്ഥാന്‍ 68 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് തോല്‍വി സമ്മതിച്ചത്. ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റും ജാക്ക്സണ്‍ ബേഡ് മൂന്നു വിക്കറ്റും സ്വന്തമാക്കി. അസാമാന്യ പോരാട്ടവീര്യം പുറത്തെടുത്ത ആസാദ് ഷഫീഖാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍: ഓസ്‌ട്രേലിയ- 429 & അഞ്ചിന് 202, പാകിസ്ഥാന്‍ 142 & 450

പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണില്‍ നടക്കും