മിച്ചല്‍ സ്റ്റാര്‍ക്ക് കളിയിലെ താരമായപ്പോള്‍ പരമ്പരയില്‍ 14 വിക്കറ്റ് വീഴ്തത്തിയ ഓസീസ് വൈസ് ക്യാപ്റ്റന്‍ കൂടിയായ പാറ്റ് കമിന്‍സാണ് പരമ്പരയുടെ താരം.
കാന്‍ബറ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോമിന്റേ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വീണ്ടും ഫോമിലേക്ക് മടങ്ങിയതെത്തിയതോടെ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസീസിന് 366 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. വിജയലക്ഷ്യമായ 516 റണ്‍സ് പിന്തുടര്‍ന്ന ലങ്ക നാലാം ദിനം രണ്ടാ ഇന്നിംഗ്സില്‍ 149 റണ്‍സിന് ഓള്‍ ഔട്ടായി.
46 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാം ഇന്നിംഗ്സിലും ലങ്കയെ എറിഞ്ഞിട്ടത്. സ്കോര്‍ ഓസ്ട്രേലിയ 534/5, 196/3, ശ്രീലങ്ക 215, 149. ജയത്തോടെ രണ്ട് മത്സര പരമ്പര ഓസീസ് 2-0ന് സ്വന്തമാക്കി.
42 റണ്‍സടിച്ച കുശാല്‍ മെന്‍ഡിസും 30 റണ്‍സടിച്ച ലഹിരു തിരിമന്നെയും 27 റണ്‍സടിച്ച നിരോഷന്‍ ഡിക്‌വെല്ലയും മാത്രമെ രണ്ടാം ഇന്നിംഗ്സില്‍ ലങ്കക്കായി പൊരുതിയുള്ളു. ചമിക കരുണരത്നെ 22 റണ്‍സെടുത്തു. ഓസീസിനായി സ്റ്റാര്‍ക്ക് അഞ്ചു വിക്കറ്റെടുത്തപ്പോള്‍ പാറ്റ് കമിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ 54 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക് മത്സരത്തിലാകെ 10 വിക്കറ്റെടുത്തു.
മിച്ചല്‍ സ്റ്റാര്‍ക്ക് കളിയിലെ താരമായപ്പോള്‍ പരമ്പരയില്‍ 14 വിക്കറ്റ് വീഴ്തത്തിയ ഓസീസ് വൈസ് ക്യാപ്റ്റന്‍ കൂടിയായ പാറ്റ് കമിന്‍സാണ് പരമ്പരയുടെ താരം. ഓസീസ് കോച്ചായ ജസ്റ്റിന്‍ ലാംഗറിന്റെയും ക്യാപ്റ്റനായ ടിം പെയ്നിന്റെയും ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്.
