ഓസ്‌ട്രേലിയന്‍ ഫുട്ബോള്‍ ഇതിഹാസം ടിം കാഹിലിന് വിജയത്തോടെ യാത്രയപ്പ്. സിഡ്‌നി ഒളിംപിക് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആരാധകര്‍ക്ക് മുന്നില്‍ വികാരനിര്‍ഭരമായിരുന്നു യാത്രയപ്പ്...
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഫുട്ബോള്‍ ഇതിഹാസം ടിം കാഹിലിന് വിജയത്തോടെ യാത്രയപ്പ്. ദേശീയ കുപ്പായത്തില്‍ കാഹിലിന്‍റെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലെബനനെ പരാജയപ്പെടുത്തി. അരങ്ങേറ്റക്കാരന്‍ ബോയ്‌ല്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാത്യു ലെക്കിയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
സിഡ്‌നി ഒളിംപിക് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആരാധകര്‍ക്ക് മുന്നില്‍ വികാരനിര്‍ഭരമായിരുന്നു യാത്രയപ്പ്. മത്സരത്തില്‍ 82-ാം മിനുറ്റിലായിരുന്നു കാഹില്‍ മൈതാനത്തിറങ്ങിയത്. കാഹിലിന്‍റെ 108-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഒന്നര പതിറ്റാണ്ട് നീണ്ട കരിയറില്‍ 50 ഗോളുകളാണ് കാഹിലിന്‍റെ സമ്പാദ്യം. നാല് ലോകകപ്പുകളില്‍ ഓസ്‌ട്രേലിയക്കായി കളിച്ച താരമെന്ന നേട്ടവും കാഹിലിനുണ്ട്.

ലോകകപ്പില്‍ ആദ്യമായി ഗോള്‍ നേടിയ ഓസ്‌ട്രേലിയന്‍ താരമാണ് കാഹില്‍. 2006ല്‍ ജപ്പാനെതിരെയായിരുന്നു ഈ ഗോള്‍. ലോകകപ്പില്‍ 38കാരനായ താരത്തിന്‍റെ ആകെ സമ്പാദ്യം അഞ്ച് ഗോള്‍. ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്‌സിയുടെ താരമാണ്.
