നാഗ്പൂര്‍: നാഗ്പൂര്‍ ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. ഓപ്പണര്‍മാരായാ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിട്ടും ഓസീസ് മധ്യനിരയ്ക്ക് അത് മുതലാക്കാനായില്ല.
സ്ലോ ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെത്തിയതോടെയാണ് കളി മാറിയത്. ഓസീസിനായി വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് 11.3 ഓവറില്‍ 66 കൂട്ടിച്ചേര്‍ത്തു. ഫിഞ്ചിനെ(32) പാണ്ഡ്യ വീഴ്‌ത്തിയതോടെ ഓസീസിന്റെ സ്കോറിംഗ് വേഗം കുറഞ്ഞു. സ്മിത്തും വാര്‍ണറും ചേര്‍ന്ന് ഓസീസിനെ 100 കടത്തിയെങ്കിലും സ്മിത്തിനെ(16) വിക്കറ്റിന് മുന്നില്‍ കുടുക്കി കേദാര്‍ ജാദവ് ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി. വാര്‍ണറെയും(53) ഹാന്‍ഡ്സ്കോംബിനെയും(13) വീഴ്ത്തി അക്ഷര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ ഓസീസ് മറ്റൊരു തകര്‍ച്ച മുന്നില്‍ കണ്ടു.
എന്നാല്‍ സ്റ്റോയിനസും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിനെ 200 കടത്തി. ഹെഡിനെ(42) വീഴ്‌ത്തി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സ്റ്റോയിനിസിനെ(46) ബൂമ്രയും മടക്കിയതോടെ ഓസീസിന് 250 പോലും അകലെയായി. അവസാന ഓവറുകളില്‍ ഭുവനേശ്വറും ബൂമ്രയും കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഒരേയൊരു ബൗണ്ടറി മാത്രമാണ് 45 ഓവറിനുശേഷം ഓസീസിന് നേടാനായത്. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്നും ബൂമ്ര രണ്ടും പാണ്ഡ്യ, ഭുവി, ജാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
