രണ്ട് ലോകോത്തര ബാറ്റ്സ്‌മാന്‍മാരുടെ വിലക്ക് മുന്‍ ലോക ജേതാക്കളുടെ പ്രതാപം കുറച്ചിരുന്നു. എന്നാല്‍ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങി കിതയ്ക്കുന്ന ഓസീസ് ദുര്‍ബലരാണെന്ന എല്ലാ പ്രവചനങ്ങളും കാറ്റില്‍ പറത്തി ഇന്ത്യന്‍ നായകന്‍...

ബ്രിസ്‌ബേന്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും വിലക്കിലായ ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് അത്ര നല്ലകാലമല്ല. രണ്ട് ലോകോത്തര ബാറ്റ്സ്‌മാന്‍മാരുടെ വിലക്ക് മുന്‍ ലോക ജേതാക്കളുടെ പ്രതാപം കുറച്ചു. ഇരുവരും പുറത്തായശേഷം ഓസ്‌ട്രേലിയക്ക് തുടര്‍തോല്‍വികളായിരുന്നു വിധി. ഈ ദുര്‍ബല ടീമിനോടാണ് ഇന്ത്യ നാളെമുതല്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്‍.

എന്നാല്‍ ഓസീസ് ദുര്‍ബലരാണെന്ന എല്ലാ വാദങ്ങളും കാറ്റില്‍ പറത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ലോകത്തെ മികച്ച രണ്ട് ബാറ്റ്സ്‌മാന്‍മാരുടെ അഭാവത്തിലും ഓസീസ് ലോകോത്തര താരങ്ങളുള്ള സംഘമാണെന്ന് കോലി പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏത് നിമിഷവും എതിരാളികളെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. ഏത് ടീമിനെയും വിലകുറച്ച് കാണാനാവില്ലെന്നും പരമ്പരക്ക് മുന്‍പ് ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു. 

ഇതേസമയം ഇന്ത്യന്‍ ടീം അതിശക്തരാണെന്നും കോലി പറഞ്ഞു. മൈതാനത്തിറങ്ങുന്ന 11 താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകും ശ്രമിക്കുകയെന്നും കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബ്രിസ്ബേനില്‍ നാളെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ആദ്യ ടി20 മത്സരം.