ബ്രിസ്‌ബെയ്ന്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയത്തിന് അരികെ. രണ്ടു ദിവസം ശേഷിക്കെ പാകിസ്ഥാന്റെ എട്ടു വിക്കറ്റുകള്‍ വീഴ്‌ത്തിയാല്‍ ഓസ്‌ട്രേലിയയ്‌ക്ക് ജയിക്കാം. അതേസമയം പാകിസ്ഥാന് ജയിക്കണമെങ്കില്‍ 420 റണ്‍സ് കൂടി നേടണമെന്ന അവസ്ഥയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അപ്രാപ്യമാണെന്ന് പറയേണ്ടിവരും. ആദ്യ ഇന്നിംഗ്സില്‍ 287 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചിന് 202 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു. ഇതോടെ 490 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ പാകിസ്ഥാന് മുന്നില്‍ വെച്ചത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 70 എന്ന നിലയിലാണ് പാകിസ്ഥാന്‍. ഇനി രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ 420 റണ്‍സ് കൂടി നേടണം. 41 റണ്‍സോടെ അസ്‌ഹര്‍ അലിയും റണ്‍സൊന്നും എടുക്കാതെ യൂനിസ് ഖാനുമാണ് ക്രീസില്‍.

എട്ടിന് 97 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ ആദ്യ ഇന്നിംഗ്സില്‍ 142 റണ്‍സിന് പുറത്താകുകയായിരുന്നു. പുറത്താകാതെ 59 റണ്‍സെടുത്ത സര്‍ഫ്രാസ് അഹ്‌മദാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, ജാക്ക്സണ്‍ ബേഡ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ 74 റണ്‍സെടുത്ത ഉസ്‌മന്‍ ഖാവ്‌ജയും 63 റണ‍്സെടുത്ത സ്റ്റീവന്‍ സ്‌മിത്തുമാണ് ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി തിളങ്ങിയത്. 39 ഓവര്‍ ബാറ്റുചെയ്‌ത ഓസ്‌ട്രേലിയ അഞ്ചിന് 202 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.