2004ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ ഓസ്‌ട്രേലിയ ടെസ്റ്റ് മല്‍സരം ജയിക്കുന്നത്. ഇന്ത്യയ്ക്കെതിരായ നാലു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 333 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. 2004-05 സീസണില്‍ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പരയിലെ മൂന്നാം മല്‍സരമാണ് ഓസ്‌ട്രേലിയ ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ ജയിച്ചത്. അന്ന് 342 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. അന്നത്തെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1ന് ജയിച്ചിരുന്നു. 2008ല്‍ ഇവിടെ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ടീം രണ്ടു മല്‍സരങ്ങള്‍ തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയിലാണ് അവസാനിച്ചത്. 2010ല്‍ രണ്ടു മല്‍സരങ്ങളും ഓസ്‌ട്രേലിയ തോറ്റു. 2013ല്‍ ഇന്ത്യ 4-0നാണ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. 2015 ഓഗസ്റ്റിന് ശേഷം ഇന്ത്യ തോല്‍ക്കുന്ന മല്‍സരം കൂടിയായി ഇത്. ഏതായാലും അപരാജിത കുതിപ്പ് നടത്തി കൊഹ്‌ലിപ്പടയെ ഓസീസ് ശരിക്കും പിടിച്ചുകെട്ടുകയായിരുന്നു പൂനെയില്‍. ഓസീസിന്റെ സ്‌പിന്‍ ആക്രമണത്തിന് മുന്നിലാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ 105ന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 107 റണ്‍സ് മാത്രമാണ് നേടിയത്. മികച്ച ഫോം തുടരുകയായിരുന്ന വിരാട് കൊഹ്‌ലിക്ക് പക്ഷേ ഓസ്‌ട്രേലിയയ്ക്കെതിരെ ഒന്നും ചെയ്യാനായില്ല. ആദ്യ ഇന്നിംഗ്സില്‍ ഡക്ക് ആയ കൊഹ്‌ലി രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സ് മാത്രമാണെടുത്തത്.