അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയില്‍ ട്വന്റി-20, ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ ജയിക്കുന്ന രണ്ടാമത്തെ മാത്രം ക്യാപ്റ്റനായി വിരാട് കോലി. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയാണ് കോലിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച താരം.

ആദ്യ മത്സരത്തിലേതുപോലെ സെഞ്ചുറി നേടിയില്ലെങ്കിലും രോഹിത് ശര്‍മയും പുതിയൊരു റെക്കോര്‍ഡിട്ടാണ് ക്രീസ് വിട്ടത്. 52 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായ രോഹിത് രണ്ട് സിക്സര്‍ കൂടി പറത്തിയതോടെ ഓസീസിനെതിരെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ സിക്സറടിക്കുന്ന ബാറ്റ്സ്മാനായി. 89 സിക്സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 88 സിക്സറടിച്ച ക്രിസ് ഗെയിലിനെയാണ് രോഹിത് മറികടന്നത്.

കോലിയും രോഹിത്തും അഭിമാന നേട്ടം കൈവരിച്ചപ്പോള്‍ സെഞ്ചുറി അടിച്ചിട്ടും ഓസീസ് താരം ഷോണ്‍ മാര്‍ഷിന് സ്വന്തമായത് നാണക്കേടിന്റെ റെക്കോര്‍ഡ്. സ്വദേശത്ത് പരാജയപ്പെട്ട മത്സരത്തില്‍ ഓസീസ് ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് 131 റണ്‍സ്. 1996ല്‍ റിക്കി പോണ്ടിംഗ് ശ്രീലങ്കക്കെതിരെ നേടിയ 123 റണ്‍സായിരുന്നു നാട്ടില്‍ പരാജയപ്പെട്ട മത്സരത്തില്‍ ഒരു ഓസീസ് ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.

ഇന്ത്യയുടെ മുഹമ്മദ് സിറാജാണ് നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 10 ഓവറില്‍ 76 റണ്‍സ് വഴങ്ങിയ സിറാജ് അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി. 10 ഓവറില്‍ 83 റണ്‍സ്  വഴങ്ങിയ കഴഅസണ്‍ ഗാവ്റിയാണ് സിറാജിന്റെ മുന്‍ഗാമി.