വിശാഖപട്ടണം ടി20യോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുക. നേരത്തെ ബെംഗളൂരുവിനെയാണ് വേദിയായി ഈ മത്സരത്തിന് തീരുമാനിച്ചിരുന്നത്. 

മുംബൈ: ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാകുക ഫെബ്രുവരി 24-ാം തിയതി വിശാഖപട്ടണം ടി20യോടെ. നേരത്തെ ബെംഗളൂരുവാണ് ആദ്യ ടി20ക്ക് വേദിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ബിസിസിഐ വേദി മാറ്റിയത്.

ഫെബ്രുവരി 24-ാം തിയതി എയ്‌റോ ഇന്ത്യ ഷോയ്ക്ക് ബെംഗലൂരു വേദിയാകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഈ പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതിനാല്‍ മത്സരത്തിന് സുരക്ഷ നല്‍കാന്‍ തടസമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഇതേ ദിവസം മത്സരം സംഘടപ്പിക്കാന്‍ തടസമുള്ളതായി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐ ആക്‌ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയെ അറിയിക്കുകയായിരുന്നു. ഈ ആവശ്യം ഇടക്കാല ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 

വിശാഖപട്ടത്ത് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്ന രണ്ടാം ടി20ക്ക് 27-ാം തിയതി ബെംഗളൂരു ആതിഥേയത്വം വഹിക്കും. ആകെ രണ്ട് ടി20കളാണ് പരമ്പരയിലുള്ളത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ വേദികള്‍ക്ക് മാറ്റമില്ല. മാര്‍ച്ച് രണ്ടിന് ഹൈദരാബാദില്‍ ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. നാ‌ഗ്‌പൂര്‍(മാര്‍ച്ച് 5), റാഞ്ചി(മാര്‍ച്ച് 8), മൊഹാലി(മാര്‍ച്ച് 10), ദില്ലി(മാര്‍ച്ച് 13) എന്നിവിടങ്ങളിലാണ് അടുത്ത ഏകദിനങ്ങള്‍.