ബംഗളൂരു: സ്മിത്തിന്റെ ഈ ക്യാച്ച് കണ്ട് തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണെന്ന് കമന്ററി ബോക്സിലിരുന്ന് ബ്രെറ്റ് ലീ പറഞ്ഞുവെങ്കില്‍ അതിനെ കുറ്റം പറയാനാവില്ല. ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് പിറന്നത്.
ഓസ്ട്രേലിയയുടെ 87 റണ്‍സ് കടം വീട്ടാന്‍ രാഹുലും പൂജാരയും ചേര്‍ന്ന് കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് ഒക്കീഫേയുടെ പന്തില്‍ സ്റ്റീവന്‍ സ്മിത്ത് രാഹുലിനെ പറന്നു പിടിച്ചത്. രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെയായിരുന്നു ഇത്. സ്റ്റീവന്‍ ഒക്കീഫേയ്ക്കായിരുന്നു വിക്കറ്റെങ്കിലും ഇത് ശരിക്കും സ്മിത്തിന് മാത്രം അവകാശപ്പെട്ട വിക്കറ്റായിരുന്നു. രാഹുലിന്റെ ബാറ്റിലുരസി രണ്ടാം സ്ലിപ്പിലൂടെ പറന്ന പന്തിനെ സ്മിത്ത് അക്ഷരാര്‍ഥത്തില്‍ സൂപ്പര്‍മാന്‍ പറക്കലിലൂടെ കൈയിലൊതുക്കുകയായിരുന്നു.
രാഹുലിന്റെ വിക്കറ്റ് വീണതിന് പിന്നാലെ കൊഹ്‌ലിയും ജഡേജയും വീണതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു.
