മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ അട്ടിമറി. നിലവിലെ ചാമ്പ്യനും പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക റാങ്കിംഗില്‍ 117-ാം റാങ്കുകാരനായ ഉസ്ബെക്കിസ്ഥാന്റെ ഡെന്നിസ് ഇസ്റ്റോമിനാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ജോക്കോവിച്ചിനെ അട്ടിമറിച്ചത്. നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 7-6 5-7 2-6 7-6 (7-5) 6-4 എന്ന സ്കോറിനായിരുന്നു ഇസ്റ്റോമിന്റെ വിജയം.
2008 വിംബിള്‍ഡണുശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പുറത്താവുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 100ല്‍ പുറത്ത് റാങ്കുള്ള ഒരു താരത്തോട് ജോക്കോവിച്ച് തോല്‍ക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2016ലെ റിയോ ഒളിംപിക്സില്‍ 145-ാം റാങ്കുകാരനായ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോയോടായിരുന്നു ഇതിന് മുമ്പ് ജോക്കോ തോറ്റത്.
ജോക്കോവിച്ച് പുറത്തായതോടെ ഓസ്ട്രേലിയന്‍ ഓപ്പണിലെ നാലു ഫൈനലുകളിലും ജോക്കോവിച്ചിന് മുന്നില്‍ തോല്‍ക്കേണ്ടിവന്ന ഒന്നാം സീഡ് ആന്‍ഡി മുറെയ്ക്ക് കിരീട സാധ്യതയേറി.
