മുംബൈ: ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ ഐപിഎല്‍ നടത്തരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതി. ഇക്കാര്യത്തില്‍ നേരത്തെ തീരുമാനമെടുക്കാനും കോടതി ബിസിസിഐയോട് നിര്‍ദേശിച്ചു. വേനല്‍ക്കാലത്ത് മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്ന വരള്‍ച്ച തടയാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ബിസിസിഐക്ക് നിര്‍ദേശംനല്‍കിയത്.

ഐപിഎല്‍ എല്ലാ വര്‍ഷവും നടക്കുന്നതാണ്. അതുകൊണ്ടുതന്നെ ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങള്‍ക്ക് പകരം മറ്റിടങ്ങള്‍ മത്സരങ്ങള്‍ നടത്താന്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇപ്പോഴെ ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയാല്‍ അവസാന നിമിഷം മത്സരവേദി മാറ്റുന്നത് ഒഴിവാക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മഹാരാഷ്ട്ര വരള്‍ച്ചയുടെ പിടിയിലായ കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ മുംബൈ ഇന്ത്യന്‍സിന്റെ പല ഹോം മത്സരങ്ങളും കോടതി ഉത്തരവിനെത്തുടര്‍ന്ന് മഹാരാഷ്ട്രക്ക് പുറത്താണ് നടത്തിയത്. വെള്ളമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ ക്രിക്കറ്റ് മസരത്തിനായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് അന്ന് കോടതി വേദി മാറ്റാന്‍ നിര്‍ദേശിച്ചത്.