മങ്കൊമ്പ്: ചമ്പക്കുളം മൂലം വള്ളംകളിയില്‍ ആയാപറമ്പ് പാണ്ടി ചാമ്പ്യൻമാർ. ചമ്പക്കുളത്താറ്റിൽ നടന്ന 40-ാമത് ചമ്പക്കുളം മൂലം വള്ളംകളിയിൽ സന്തോഷ് കൈപ്പിള്ളിയുടെ നേതൃത്വത്തിൽ കുമരകം എൻസിഡിസി ബോട്ട് ക്ലബാണ് ആയാപറമ്പ് പാണ്ടി തുഴഞ്ഞത്. ജേതാക്കളായ ആയാപറമ്പ് രാജപ്രമുഖൻ ട്രോഫി കരസ്ഥമാക്കി. ജലപോരിൽ ചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനെയാണ് ഇവർ രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളിയത്. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാമതായി ഫിനിഷ് ചെയ്തു.
മുൻ വർഷങ്ങളിലെ പോലെ തർക്കങ്ങൾക്കൊടുവിലാണ് ഇത്തവണയും ഫൈനൽ നടന്നത്. ആദ്യം സ്റ്റാർട്ടറുടെ നിർദേശമില്ലാതെ രണ്ടു വള്ളങ്ങൾ തുഴഞ്ഞെത്തിയെങ്കിലും സംഘാടകർ മത്സരം അസാധുവാക്കുകയായിരുന്നു. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ കൈനകരി യുബിസി വാരിയേഴ്സിന്റെ സെൻറ് ജോർജ് ചുണ്ടൻ ഒന്നാമതെത്തി. എ ഗ്രേഡ് വെപ്പുവള്ളങ്ങളുടെ ഫൈനലിൽ രാജൻ.കെ.എബ്രഹാമിൻറെ നേതൃത്വത്തിലെത്തിയ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ മാലിയിൽ പുളിക്കത്ര ജയ്ഷോട്ട് വിജയിയായി.
ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ കുമരകം സമുദ്രാ ബ്രദേഴ്സ് ബോട്ട് ക്ലബിന്റെ പടക്കുതിരയാണ് ഒന്നാമതെത്തിയത് തോട്ടുപുറം അഭിലാഷ് രാജായിരുന്നു ക്യാപ്റ്റൻ. വെപ്പ് ബി വിഭാഗം മത്സരത്തിൽ കൈനകരി എസ്എച്ച് ബോട്ട് ക്ലബിന്റെഫാ.മാർട്ടിൻ കുരിശിങ്കൽ നയിച്ച ചിറമേൽ തോട്ടുകടവൻ കിരീടം നേടി. ഇരുട്ടുകുത്തി ബി വിഭാഗം മത്സരത്തിൽ കണ്ടങ്കരി ഏഞ്ചൽ ബോട്ട് ക്ലബിന്റെ ദാനിയേലിനായിരുന്നു വിജയം. ക്യാപ്റ്റനായിരുന്നത് ഫാ. സ്കറിയ പറപ്പള്ളിൽ.
