ഗള്‍ഫിലെ ടി10 ക്രിക്കറ്റ് ആവേശം പാകിസ്താനിലേക്കും. ഗള്‍ഫിലെ പ്രഥമ ടി10 ക്രിക്കറ്റ് ലീഗിന് പിന്നാലെ പാകിസ്ഥാനിൽ സംഘടിപ്പിച്ച ടി10 ചാരിറ്റി മൽസരത്തിൽ ബാറ്റിങ് വെടിക്കെട്ട്. ഷാഹിദ് അഫ്രിദി ഫൗണ്ടേഷൻ സംഘടിപ്പിച്ച ചാരിറ്റി മൽസരത്തിൽ പാക് താരം ബാബര്‍ അസം സാഫ് ഗ്രീനിന് വേണ്ടി 26 പന്തിൽ സെഞ്ച്വറിയടിച്ചു. 11 സിക്‌സറുകളും ഏഴു ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ബാബറിന്റെ ഇന്നിംഗ്സ്. 384.62 ആയിരുന്നു അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. നേരത്തെ ആദ്യം ബാറ്റുചെയ്ത സാഫ് റെഡിന് വേണ്ടി ഷുഐബ് മാലിക് 20 പന്തിൽ 80 റണ്‍സടിച്ചിരുന്നു. മൽസരത്തിലെ ഹീറോ ബാബര്‍ അസം എറിഞ്ഞ ഓവറിൽ ഷുഐബ് മാലിക് ആറു പന്തും സിക്‌സര്‍ പറത്തുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ബാബറിന്റെ വെടിക്കെട്ട് സെഞ്ച്വറി. സാഫ് റെഡ് 10 ഓവറിൽ ഒന്നിന് 201 റണ്‍സാണ് അടിച്ചത്. എന്നാൽ ബാബറിന്റെ തകര്‍പ്പൻ ബാറ്റിങ്ങിലൂടെ സാഫ് ഗ്രീൻ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൽസരത്തിന്റെ സംഘാടകനും സാഫ് ഗ്രീൻ ക്യാപ്റ്റനുമായ ഷാഹിദ് അഫ്രിദിയാണ് വിജയറണ്‍സ് നേടിയത്. നേരത്തെ ബാബര്‍ അസമിനെ വിരാട് കോലിയോട് ക്രിക്കറ്റ് വിദഗ്ദ്ധര്‍ ഉപമിച്ചിരുന്നു. എന്നാൽ കോലിയ്‌ക്ക് തുല്യം കോലി മാത്രമാണെന്നായിരുന്നു ബാബര്‍ അസം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്.