ദില്ലി: ലക്ഷ്മിപതി ബാലാജി അഭ്യന്തര-അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഇനങ്ങളില്‍ നിന്നും വിരമിക്കുന്നതായി ബാലാജി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ആല്‍ബര്‍ട്ട് ടൂട്ടി പാട്രിയോട്‌സിന്‍റെ ബൗളറായി ബാലാജി കളിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് വിരമിക്കല്‍. ഇതോടെ ബലാജിയ്ക്ക് പകരം കര്‍ണാടകയുടെ എസ് അരവിന്ദിനെ ആല്‍ബര്‍ട്ട് ടൂട്ടി പാട്രിയോട്ട്‌സ് ടീമിലെടുത്തു.
'ഞാന്‍ കളിമതിയാക്കുന്നില്ല, സപ്പോട്ടിംഗ് സ്റ്റാഫ് ആയി ടീമിലുണ്ടാകും, അതിനാല്‍ തന്നെ എനിക്ക് ക്രിക്കറ്റ് മത്സരം മിസ് ചെയ്യുകയും ചെയ്യില്ല' ബാലാജി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു
നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിംഗ് പരിശീലകനായും ബാലാജി സേവനമനുഷ്ഠിച്ചിരുന്നു 2002ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ബാലാജി പിന്നീട് ഇന്ത്യന്‍ ടീമില്‍ പോവുകയും വരുകയും ചെയ്തു. എട്ട് ടെസ്റ്റുകള്‍ക്കും 30 ഏകദിനങ്ങള്‍ക്കും പുറമേ അഞ്ച് ട്വന്റി-20 മത്സരത്തിലും ബാലാജി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. എട്ട് ടെസ്റ്റില്‍ നിന്നും 37.18 ശരാശരിയില്‍ 27 വിക്കറ്റും 30 ഏകദിനത്തില്‍ നിന്നും 34 വിക്കറ്റും ബാലാജി സ്വന്തമാക്കിയിട്ടുണ്ട്. ടി20യില്‍ 10 അന്താരാഷ്ട്ര വിക്കറ്റുകളാണ് ബാലാജിക്ക് ഉളളത്.
2004ല്‍ ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിലായിരുന്നു ഇന്ത്യയ്ക്കായി ബാലാജി മികച്ച പ്രകടനം നടത്തിയത്. പാകിസ്താനെതിരെ അവരുടെ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വനതമാക്കിയപ്പോള്‍ ബാലാജി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ബാലാജി ഐപിഎല്ലില്‍ 73 മത്സരങ്ങളില്‍ നിന്ന് 76 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
