അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ മൂന്ന് മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദിയാവുന്നത്.
ദുബായ്: ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാവാത്തതിനാല്‍ വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം തള്ളി ഐസിസി. ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ടൂര്‍ണമെന്‍റിന്‍രെ സംയുക്ത ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും നിലവില്‍ പുറത്തിറക്കിയ മത്സരക്രമം അനുസരിച്ച് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ ബംഗ്ലാദേശ് തയാറാവണമെന്നും ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഐസിസിയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട്.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെിരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ടീം ഉടമ ഷാരൂഖ് ഖാനുമെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് മുസ്തഫിസുറിനെ റിലീസ് ചെയ്യാന്‍ ബിസിസിഐ കൊല്‍ക്കത്തയോട് ആവശ്യപ്പെട്ടത്. ഇതിന് മറുപടിയെന്നാണമാണ് ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനാകില്ലെന്ന് ബംഗ്ലാദേശ് നിലപാട് സ്വീകരിക്കാന്‍ കാരണമായത്. സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലാദേശിന്‍റെ നടപടി. ബംഗ്ലാദേശിന്‍റെ ആവശ്യം ഐസിസി അംഗീകരിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മുസ്തഫിസൂറിനെ റിലീസ് ചെയ്തതിന് പിന്നാലെ ബംഗ്ലാദേശ് രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം വിലക്കുകയും ചെയ്തിരുന്നു.
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ മൂന്ന് മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. ഫെബ്രുവരി 7ന് വെസ്റ്റ് ഇന്‍ഡീസിനെയും ഫെബ്രുവരി ഒമ്പതിന് ഇറ്റലിയെയും 14ന് ഇംഗ്ലണ്ടിനെയും ആണ് കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് നേരിടേണ്ടത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫെബ്രുവരി 17ന് മുംബൈയില്‍ നേപ്പാളിനെയും ബംഗ്ലാദേശ് നേരിടും.


