കൊളംബോ: കരുത്തരായ ഓസ്ട്രേലിയ പോലും തലകുനിച്ച ലങ്കന്‍ മണ്ണില്‍ നൂറാം ടെസ്റ്റിനിറങ്ങിയ ബംഗ്ലാ കടുവകള്‍ക്ക് ചരിത്രവിജയം.ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലു വിക്കറ്റിന് ജയിച്ച് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സമനിലയിലാക്കി(1-1). ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് ജയമാണിത്.
പര്യടനത്തിനെത്തിയപ്പോള്‍ ഓസ്ട്രേലിയ പോലും 3-0ന് തലകുനിച്ച മണ്ണിലാണ് ബംഗ്ലാദേശ് തങ്ങളുടെ നൂറാം ടെസ്റ്റ് വിജയത്തോടെ അവിസ്മരണീയമാക്കിയത്. വിജയലക്ഷ്യമായ 191 റണ്‍സ് ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്കോര്‍ ശ്രീലങ്ക 338, 319, ബംഗ്ലാദേശ് 467, 191/6.
82 റണ്‍സെടുത്ത തമീം ഇക്ബാലാണ് ബംഗ്ലാദേശിന്റെ വിജയശില്‍പി. 22 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് തോല്‍വി വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും മൂന്നാം വിക്കറ്റില്‍ സാബിര്‍ റഹ്മാനുമൊത്ത്(41) 109 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തി തമീം ബംഗ്ലാദേശിനെ കരകയറ്റി. തമീം ഇക്ബാലാണ് കളിയിലെ കേമന്‍. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് പരമ്പരയുടെ താരം. ആദ്യടെസ്റ്റില്‍ ബംഗ്ലാദേശ് 259 റണ്‍സിന് തോറ്റിരുന്നു.
