ധാക്ക: ഒടുവില്‍ ബംഗ്ലാദേശിനു മുന്നില്‍ 'ടെസ്റ്റ് ചരിത്രം വഴിമാറി. ഒസീസിനെ അട്ടിമറിച്ച് ബംഗ്ലാദേശിന് തകര്‍പ്പന്‍ വിജയം. ഷക്കീബിന്റെ 10 വിക്കറ്റ് മികവിലാണ് ഓസ്‌ട്രേലിയയെ 20 റണ്‍സിന് ബംഗ്ലാദേശ് അടിയറവ് പറയിച്ചത്. ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ആദ്യമായി ഓസ്‌ട്രേലിയയെ ബംഗ്ലാദേശ് തകര്‍ത്തത്.265 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഓസീസ് 244 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
സ്‌കോര്‍: ബംഗ്ലാദേശ്- 260, 221 ഓസ്‌ട്രേലിയ- 217, 244
ബംഗ്ലാദേശിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 265 റണ്‍സ് വിജയലക്ഷ്യവുമായാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. ഒന്നാമിന്നിങ്‌സില്‍ ഓസീസിനെ 217 റണ്‍സിനു പുറത്താക്കി 43 റണ്‍സിന്റെ ലീഡ് നേടിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്‌സില്‍ 221 റണ്‍സിനു പുറത്തായിരുന്നു.155 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 78 റണ്‍സ് നേടിയ ഓപ്പണര്‍ തമീം ഇഖ്ബാലിനും 114 പന്തില്‍ നിന്ന് ഒരു ബൗണ്ടറികും ഒരു സിക്‌സറും സഹിതം 41 റണ്‍സ് നേടിയ നായകന്‍ മുഷ്ഫിക്കര്‍ റഹീമുമാണ് ബംഗ്ലാനിരയില്‍ പിടിച്ചു നിന്ന് പൊരുതിയത്.ആറു വിക്കറ്റ് വീഴ്ത്തുകയും ഒരു റണ്ണൗട്ടിന് വഴിയൊരുക്കുകയും ചെയ്ത സ്പിന്നര്‍ നഥാന്‍ ലിയോണാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
തുടര്‍ന്ന് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എന്ന നിലയില്‍ നിന്ന് തകരുകയായിരുന്നു. ആദ്യ സെഷനില്‍ 37 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. 112 റണ്‍സുമായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറും 37 റണ്‍സുമായി നായകന്‍ സ്റ്റീവന്‍ സ്മിത്തും ഓസീസിനായി പൊരുതിയെങ്കിലും ഷക്കിബുള്‍ ഹസ്സന്‍ ഒസീസിനെ വേരോടെ പിഴുതെറിഞ്ഞു. മൂന്നു വിക്കറ്റുമായി തൈജുല്‍ ഷക്കീബിന് പിന്തുണ നല്‍കി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗ്ലാദേശ് കളിക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിലാണ് ചരിത്രം വഴുതിമാറിയത്.
