ബാഴ്സലോണ: ലൂയിസ് എന്റിക്വെ ബാഴ്സലോണ പരിശീലക സ്ഥാനം ഒഴിയുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ ബാഴ്സയോട് അദ്ദേഹം വിട പറയും. എന്റിക്വെ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പോർട്ടിംഗ് ഗിഗോണിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്തതിനു ശേഷമാണ് എന്റിക്വെയുടെ പ്രതികരണം. ഈ സീസൺ അവസാനിക്കുന്നതോടെ എന്റിക്വെയുമായുള്ള കരാർ അവസാനിക്കുകയാണ്. ക്ലബുമായുള്ള കരാർ പുതുക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ബാഴ്സയുടെ മുൻ താരമാണ് എന്റിക്വെ. 1996 മുതൽ 2004 വരെ ബാഴ്സയ്ക്കായി അദ്ദേഹം ബൂട്ടുകെട്ടി. വിരമിച്ച ശേഷം 2008 മുതൽ 2011 വരെ ബാഴ്സയുടെ ബി ടീം പരിശീലകനായി. പിന്നീട് ബാഴ്സവിട്ട എന്റിക്വെ റോമ, സെൽറ്റാ വിഗോ ക്ലബുകളുടെ പരിശീലകനായ ശേഷമാണ് ക്യാമ്പ് നൂവിലേക്ക് തിരിച്ചെത്തുന്നത്. ബാഴ്സയുടെ എക്കാലത്തേയും മികച്ച പരിശീലകനായ പെപ് ഗാര്‍ഡിയോള ക്ലബ് വിട്ടതിനു ശേഷമായിരുന്നു എന്റിക്വെയുടെ എൻട്രി.
