ബാഴ്‌സലോണ: ലിവര്‍പൂള്‍ താരം ഫിലിപ്പെ കുടീഞ്ഞോയെ സ്വന്തമാക്കാന്‍ ബാഴ്സലോണയുടെ മൂന്നാം ശ്രമവും പരാജയപ്പെട്ടു. കുടീഞ്ഞോക്കായി ബാഴ്സ മുന്നോട്ട് വച്ച 118 ദശലക്ഷം പൗണ്ടിന്‍റെ ഓഫറും ലിവര്‍പൂള്‍ തള്ളി. എത്ര ഉയര്‍ന്ന തുകയുമായി സമീപിച്ചാലും കുടീഞ്ഞോയെ വില്‍ക്കില്ലെന്ന് ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ്ബിന്‍റെ ടമകളായ ഫെന്‍വെയ് ഗ്രൂപ്പ് അറിയിച്ചു. നേരത്തെ 72 ദശലക്ഷവും 90 ദശലക്ഷവും പൗണ്ട് പ്രതിഫലം ബാഴ്സ വാഗ്ദാനം ചെയ്തപ്പോഴും ലിവര്‍പൂള്‍ വഴങ്ങിയിരുന്നില്ല. അതേസമയം ലിവര്‍പൂള്‍ വിടണമെന്ന നിലപാടിൽ ഉറച്ചുനില്‍ർക്കുകയാണ് കുടീഞ്ഞോ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും കുടീഞ്ഞോ കളിച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് അഞ്ചു വര്‍ഷത്തെ കരാറില്‍ കുടീഞ്ഞോ ഇംഗ്ലീഷ് ക്ലബ്ബില്‍ ചേര്‍ന്നത്.