ബാഴ്‌സലോണ: സ്‌പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌‌സലോണയ്‌ക്ക് സമനില കുരുക്ക്. സ്വന്തം കാണികളുടെ മുന്നില്‍വെച്ച് മലാഗയോടാണ് ബാഴ്സലോണ ഗോള്‍രഹിത സമനില വഴങ്ങിയത്. മലാഗയുടെ രണ്ടു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായെങ്കിലും ആ ആനുകൂല്യം മുതലാക്കാന്‍ ബാഴ്‌സലോണയ്‌ക്ക് സാധിച്ചില്ല. 12 കളികളില്‍ 26 പോയിന്റുള്ള ബാഴ്‌സലോണ ഇപ്പോള്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 16 പോയിന്റുളള മലാഗ പത്താം സ്ഥാനത്താണ്. 11 കളികളില്‍ 27 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. റയലിന് ഇന്ന് രാത്രി മല്‍സരമുണ്ട്. കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് റയലിന്റെ എതിരാളികള്‍. സ്‌പാനിഷ് ലീഗിലെ മറ്റൊരു മല്‍സരത്തില്‍ സെവില്ല 3-2 എന്ന സ്‌കോറിന് ഡിപ്പോര്‍ട്ടീവോ ലാ കൊരുണയെ തോല്‍പ്പിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ആഴ്‌സണല്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. സ്‌കോര്‍ 1-1. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി യുവാന്‍ മാട്ടയും ആഴ്‌സണലിന് വേണ്ടി ഒളിവര്‍ ജിറൗഡുമാണ് ഗോളുകള്‍ നേടിയത്.

മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. നിക്കോളാസ് ഓട്ടോമാന്‍ഡി, യായാ ടുറെ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. സതാംപ്‌ടണ്‍-ലിവര്‍പൂള്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 12 കളികളില്‍ 27 പോയിന്റ് വീതമുള്ള ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഒരു മല്‍സരം കുറച്ചുകളിച്ച ചെല്‍സി 25 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.