നീണ്ട 22 വര്‍ഷത്തെ കറ്റാലന്‍ വാസത്തിന് ശേഷം ഇനിയെസ്റ്റ ബാഴ്‌സ കുപ്പായമഴിക്കുന്നു
ബാഴ്സലോണ: ബാഴ്സലോണയുടെ ഇതിഹാസ പ്ലേ മേക്കര് ആന്ദ്രെ ഇനിയെസ്റ്റ ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട 22 വര്ഷത്തെ കറ്റാലന് വാസത്തിന് ശേഷം ഇനിയെസ്റ്റ ഈ സീസണിന് ഒടുവില് ബാഴ്സ കുപ്പായമഴിക്കും. സീസണിന് ശേഷം ചൈനീസ് പ്രീമിയര് ലീഗിലേക്ക് ചേക്കേറാണ് 33കാരനായ ഇനിയെസ്റ്റ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്ട്ടുകള്.
പ്രത്യേകം വിളിച്ചു ചേര്ത്ത പത്രസമ്മേളനത്തില് വികാരഭരിതനായാണ് ബാഴ്സ ഇതിഹാസം യാത്രയപ്പ് പ്രഖ്യാപിച്ചത്. "ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിനമാണിത്. ജീവിതത്തില് ഭൂരിപക്ഷം സമയവും ചെലവഴിച്ച വീടിനോട് യാത്ര പറയുമ്പോള് സങ്കടം അടക്കാനാവുന്നില്ല. പ്രിയ ആരാധകര്ക്കും ക്ലബിനും സഹതാരങ്ങള്ക്കും നന്ദി"- കണ്ണീരോടെ ആന്ദ്രെ ഇനിയെസ്റ്റ പറഞ്ഞു.
പന്ത്രണ്ടാം വയസില് ലാ മാസിയ അക്കാദമിയിലൂടെ ബാഴ്സലോണ കരിയര് തുടങ്ങിയ താരം 16 വര്ഷത്തോളം സീനിയര് ടീമില് കളിച്ചു. ബാഴ്സയ്ക്കായി 435 മത്സരങ്ങള് കളിച്ചു ഇനിയെസ്റ്റ 35 ഗോളുകള് നേടി. ബാഴ്സലോണയ്ക്കൊപ്പം നാല് ചാമ്പ്യന്സ് ലീഗും എട്ട് ലാലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. സ്പാനീഷ് ദേശീയ കുപ്പായത്തില് ലോകകപ്പ് ഉയര്ത്താനും താരത്തിനായി.
