പി.എസ്.ജി ക്ലബ്ബിലേക്ക് മാറിയ നെയ്മറില്‍ നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബാഴ്‌സലോണ, കോടതിയെ സമീപിച്ചു.കരാര്‍ ലംഘനം നടത്തിയ നെയ്മര്‍ 85 ദശലക്ഷം യൂറോ നഷ്‌ടപരിഹാരം നല്‍കണണമെന്നാണ് ആവശ്യം
സ്‌പെയിനില്‍ പിടിച്ചുനിര്‍ത്താന്‍ അവസാനനിമിഷം വരെയും ശ്രമിച്ചിട്ടും പാരീസിലേക്ക് പറന്ന നെയ്മര്‍ക്കെതിരെ തുറന്നപോരിനാണ് ബാഴ്‌സലോണ. ഒക്ടോബറില്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നീട്ടിയിട്ടും പി.എസ്.ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ വാഗ്ദാനലംഘനം നടത്തിയെന്നാണ് സ്‌പാനിഷ് ക്ലബ്ബിന്റെ ആരോപണം. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ക്ലബ്ബ് മാറിയ നെയ്മര്‍ ബാഴ്‌സയില്‍ തുടരാമെന്നേറ്റപ്പോള്‍ വാങ്ങിയ പണം തിരികെ നല്‍കണം. 85 ദശലക്ഷം യൂറോ തിരിച്ചുനല്‍കാന്‍ നെയ്മര്‍ വിസമ്മതിച്ചാല്‍ പി.എസ്.ജി തുകയടക്കണണെന്നും ബാഴ്‌സലോണ ആവശ്യപ്പെട്ടു.
ബാഴ്‌സലോണ ഡയറക്ടര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നെയ്മര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രസീലിയന്‍ താരത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നുവെന്ന വിവരം ക്ലബ്ബ് പരസ്യമാക്കിയത്. താരവുമായി വാക്പോരിന് താത്പര്യമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ബാഴ്‌സലോണ പ്രസ്താവനയിലൂടെ അറിയിച്ചു. ചാംപ്യന്‍സ് ലീഗില്‍ നിന്ന് നെയ്മറെ ഒഴിവാക്കാന്‍ ക്ലബ്ബ് യുവേഫയില്‍ സമ്മര്‍ദ്ദം ചെലുത്താനും സാധ്യതയുണ്ട്. 222 ദശലക്ഷം യൂറോയുടെ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെ പി.എസ്.ജിലെത്തിയ നെയ്മര്‍, ക്ലബ്ബിനായി രണ്ട് മത്സരങ്ങളില്‍ മൂന്ന് ഗോളടിച്ച് ഫോം തെളിയിച്ചുകഴിഞ്ഞു.
