മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ജേതാക്കളെ ഇന്നറിയാം. ബാഴ്‌സലോണ രണ്ടാംപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ നേരിടും. ആദ്യപാദത്തില്‍ റയല്‍ ജയിച്ചിരുന്നു.

രണ്ട് ഗോള്‍ കടവുമായാണ് ബാഴ്‌സലോണ റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണ്‍ബ്യൂവില്‍ ഇറങ്ങുന്നത്.നൂംകാംപില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയം. ആര്‍ത്തിരന്പുന്ന റയല്‍ ആരാധകര്‍ക്ക് മുന്നില്‍ ജയിച്ചുകയറണമെങ്കില്‍ മെസ്സിക്കും കൂട്ടുകാര്‍ക്കും ഇതുവരെയുള്ള കളി മതിയാവില്ല. ആദ്യപാദത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം റയലിന് തിരിച്ചടിയാവും. ലാ ലീഗയില്‍ ഡിപോര്‍ട്ടീവോ, വലന്‍സിയ, ലെവാന്റേ, റയല്‍ സോസിഡാഡ് എന്നിവര്‍ക്കെതിരെയും റൊണാള്‍ഡോയ്ക്ക് കളിക്കാനാവില്ല.

ഇതേസമയം, സസ്‌പെന്‍ഷന്‍ കഴിഞ്ഞ ലൂക്ക മോഡ്രിച്ച് റയല്‍ നിരയില്‍ തിരിച്ചെത്തും. ബെയ്ല്‍, ബെന്‍സേമ, ഇസ്‌കോ ത്രയവുമായിരിക്കും റയലിന്റെ മുന്നേറ്റം. പതിവുപോലെ മെസ്സി, സുവാരസ് കൂട്ടുകെട്ടിലാണ് ബാഴ്‌സയുടെ പ്രതീക്ഷ. ബെര്‍ണബ്യൂവില്‍ അവസാനം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ബാഴ്‌സയ്‌ക്കൊപ്പമായിരുന്നു.