സ്‌പാനിഷ് ലാലിഗയില്‍ മുന്‍നിര ടീമുകളായ ബാഴ്‌സലോണയ്‌ക്കും റയല്‍ മാഡ്രിഡിനും ജയം. റയല്‍ ബാറ്റിസിനെ 2-0നാണ് ബാഴ്‌സലോണ തകര്‍ത്തത്. അലിന്‍ ടോസ്‌കയുടെ സെല്‍ഫ് ഗോളാണ് ബാറ്റിസിന് വിനയായത്. പിന്നാലെ സെര്‍ജി റോബര്‍ട്ടോ ഗോള്‍ നേടിയതിലൂടെ ബാഴ്‌സ അജയ്യരായി. ലയണല്‍ മെസിയുടെ ലാലിഗയിലെ 350ആം ഗോള്‍ കാണാനെത്തിയവര്‍ നിരാശരായി.

മറ്റൊരു മത്സരത്തില്‍ ഡെപോര്‍ട്ടിവോയെ 3-0ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ബാഴ്‌സക്കൊപ്പം എത്തി. ഗാരത് ബെയ്‌ലും, കാസെമിറോയും ടോണി ക്രൂസുമാണ് ഗോളുകള്‍ നേടിയത്. മത്സരത്തില്‍ സര്‍ജിയോ റാമോക്ക് ചുവപ്പു കാര്‍ഡ് കിട്ടിയത് മാഡ്രിഡിന് തിരിച്ചടിയായി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ജയം സ്വന്തമാക്കി. മികച്ച പോരാട്ടം പുറത്തെടുത്ത ടോട്ടനത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി മുട്ടുകുത്തിച്ചത്. ഇരട്ടഗോള്‍ നേടിയ മാര്‍കോസ് അലോണ്‍സോയാണ് ചെല്‍സിയുടെ വിജയ ശില്‍പ്പി. മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ ഹഡേഴ്‌സ്ഫീല്‍ഡ് ടൗണിനോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് ഹഡേ്‌ഴ്‌സ്‌ഫീല്‍ഡിന്റെ ജയം.