തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന നാലാമത്തെ മലയാളി താരമാണ് പേസര്‍ ബേസില്‍ തമ്പി. ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ് മുന്‍പ് ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. ഇതില്‍ മൂന്ന് പേര്‍ പേസര്‍മാരാണെന്നത് പ്രത്യേകതയാണ്. ഫാസ്റ്റ് ബൗളര്‍ ടിനു യോഹന്നാണ് ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ മലയാളി താരം. 

2001ല്‍ അരങ്ങേറ്റം കുറിച്ച ടിനു യോഹന്നാന്‍ മൂന്ന് വീതം ടെസ്റ്റ്- ഏകദിന മത്സരങ്ങള്‍ കളിച്ചു. കന്നി ഓവറിലെ നാലാം പന്തില്‍ തന്നെ വിക്കറ്റ് നേടിയാണ് ടിനു ദേശിയ ടീമില്‍ വരവറിച്ചത്. എന്നാല്‍ ദേശീയ ടീമില്‍ എറെക്കാലം നിലനില്‍ക്കാന്‍ വലംകൈയ്യന്‍ മീഡിയം പേസറായ ടിനു യോഹന്നാനായില്ല.

ഇന്ത്യക്കായി ട്വന്‍റി20യില്‍ അരങ്ങേറിയ ആദ്യ മലയാളിതാരമാണ് ശ്രീശാന്ത്. 27 ടെസ്റ്റും 53 ഏകദിനങ്ങളും 10 ട്വന്‍റി20 മത്സരങ്ങളും ശ്രീശാന്ത് ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചു. ലോകകപ്പ് നേടിയ ടീമില്‍ അംഗമായ ഏക മലയാളി താരവും ശ്രീശാന്താണ്. കേരളം സമ്മാനിച്ച ഏറ്റവും മികച്ച താരവും ശ്രീശാന്ത് തന്നെ.

2015ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു ടി20യില്‍ സഞ്ജു സാംസണിന്‍റെ അരങ്ങേറ്റം. ഐപിഎല്ലിലെ മിന്നും ഫോമാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴിതുറന്നത്. ഐപിഎല്ലില്‍ 1000 റണ്‍സ് നേടിയ പ്രായം കുറഞ്ഞ താരമായ സഞ്ജു ഇന്ത്യന്‍ അണ്ടര്‍19 ടീം വൈസ് ക്യാപ്റ്റനായിരുന്നു. വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നു സഞ്ജു.