തിരുവനന്തപുരം: ശ്രീലങ്കക്ക് എതിരായ ട്വന്‍റി 20 പരമ്പരയില്‍ ബേസില്‍ തമ്പിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഡേവ് വാട്മോര്‍. ശ്രീലങ്കയ്ക്കെതിരായ പരമ്പര ബേസിലിന്‍റെ ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവാകുമെന്നും വാട്മോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ത്യന്‍ ജഴ്‌സിയണിയുന്ന നാലാമത്തെ മലയാളി താരമാണ് ബേസില്‍. ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ് മുന്‍പ് ഇന്ത്യന്‍ ജഴ്സിയണിഞ്ഞ മലയാളികള്‍. 

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് ബേസിലിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്‍റെ താരമായ ബേസില്‍ ഐപിഎല്ലിലെ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ക്രിസ് ഗെയിലിനെ വീഴ്ത്തിയ യോര്‍ക്കറിലൂടെയാണ് ക്രിക്കറ്റ് ലോകത്ത് ബേസില്‍ ചര്‍ച്ചയായത്‍. ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ബേസിലിനെ കാത്തിരിക്കുന്നത് ഇന്ത്യന്‍ പേസ് നിരയിലെ സ്ഥിരാംഗമാകാനുള്ള അവസരമാണ്.