കൊച്ചി: ബേസില്‍ തമ്പി ഇന്ത്യന്‍ ടീമിലെത്തിയതിന്‍റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. ബേസിലിന് ശ്രീലങ്കയ്ക്കെതിരായ ടി20യില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ബേസില്‍ തമ്പി.
ഗുജറാത്തിലുള്ള ബേസില്‍ തമ്പി തന്നെയാണ് കുടുംബാംഗങ്ങളെ സന്തോഷവാർത്ത ആദ്യം അറിയിച്ചത്. ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജു സാസംണും ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന മലയാളി താരമാണ് ബേസില്‍. ബേസിലിന്‍റെ ആഗ്രഹങ്ങൾക്കൊപ്പം എന്നും നടന്ന അച്ഛന്‍ തമ്പിക്കും അമ്മ ലിസിക്കും അഭിമാനനിമിഷമായി ടീം പ്രവേശനം.
നിലവിൽ രഞ്ജി ട്രോഫിയില്‍ വിദർഭയ്ക്കെതിരായ ക്വാർട്ടർ മത്സരത്തിനായി സൂറത്തിലാണ് ബേസില്‍ തമ്പി ഉള്ളത്. മല്‍സരത്തിനു ശേഷം വൈകാതെ നാട്ടില്‍ ബേസില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. താരത്തിന് വന്‍ സ്വീകരണം ഒരുക്കാൻ കാത്തിരിക്കുകയാണ് പെരുമ്പാവൂര്‍ നിവാസികള്‍.
