തന്‍റെ സിക്‌സര്‍ കൊണ്ട് പരിക്കേറ്റ കുഞ്ഞ് ആരാധകനെ കാണാന്‍ മത്സരശേഷം ബെയ്‌ലിയെത്തി. പിന്നീട് നടന്ന സംഭവം ക്രിക്കറ്റ് ലോകത്തിന്‍റെ മനം കീഴടക്കി. 

കാന്‍ബറ: ബിഗ് ബാഷ് ടി20 ലീഗിനിടെ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സ് വെറ്ററന്‍ ജോര്‍ജ് ബെയ്‌ലി. ഹറികെയ്‌ന്‍സ് ഇന്നിംഗ്സിനിടെ ബെയ്‌ലി അടിച്ച സിക‌്സര്‍ കൊണ്ട് ഒരു ബാലന് പരിക്കേറ്റിരുന്നു. ഭാഗ്യത്തിന് കുഞ്ഞ് ആരാധകന്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപെട്ടു. 

എന്നാല്‍ കുഞ്ഞ് ആരാധകന് പരിക്കേറ്റതോടെ മത്സരം അല്‍പസമയം നിര്‍ത്തിവെച്ചു. ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സ് ടീം ഡോക്‌ടര്‍ അടുത്തെത്തി പരിശോധിക്കുകയും ചെയ്തു. ഈ സമയം കരച്ചിലടക്കാനാവാതെ കണ്ണീര്‍ പൊഴിക്കുകയായിരുന്നു കുഞ്ഞ് ബാലന്‍. കുഞ്ഞ് ആരാധകന്‍റെ കരച്ചില്‍കണ്ട് ബെയ്‌ലിക്കും സങ്കടമടക്കാനായില്ല. 

തന്‍റെ സിക്‌സര്‍ കൊണ്ട് പരിക്കേറ്റ കുഞ്ഞ് ആരാധകനെ കാണാന്‍ മത്സരശേഷം ബെയ്‌ലിയെത്തി. ആരാധകന് തന്‍റെ ഗ്ലൗസുകള്‍ സമ്മാനിച്ചാണ് ബെയ്‌ലി മടങ്ങിയത്. ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങിക്കുകയാണ് ഈ സംഭവത്തോടെ ജോര്‍ജ് ബെയ്‌ലി.