കൊച്ചി: ശ്രീശാന്തിനെതിരായ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു, സിംഗിൾ ബെഞ്ച് പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിസിസിഐ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
ശ്രീശാന്തിനെതിരായ ആ ജീവനാന്ത വിലക്ക് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഹർജിയിൽ ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. നടപടിയെടുത്ത് നാലു വർഷത്തിനു ശേഷം ശ്രീശാന്ത് കോടതിയിലെത്തിയതും യുക്തിസഹമല്ലെന്ന് ബിസിസിഐ ഹര്‍ജിയില്‍ പറയുന്നു. ഐപിഎല്ലിലെ ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു
2013ലെ ഐപിഎൽ സീസണിൽ വാതുവെപ്പു സംഘങ്ങളുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാന്ദില എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്കെതിരെ ഉന്നയിച്ച കുറ്റങ്ങൾക്ക് തെളിവില്ലെന്നു കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
