2011 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി അടിച്ച ശേഷം ശരാശരിയിലും താഴ്ന്ന പ്രകടനമായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേത്. അടുത്ത 38 ഇന്നിംഗ്സില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയത് എട്ട് അര്‍ധസെഞ്ച്വറി മാത്രം. 100 രാജ്യാന്തര സെഞ്ച്വറി നേടിയ ക്രിക്കറ്റ് ഇതിഹാസം ടെസ്റ്റില്‍ പിന്നീട് മൂന്ന് അക്കം കണ്ടുമില്ല. സച്ചിന്റെ ഫോമിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റിയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 2013 നവംബറില്‍ വെസ്റ്റ് ഇന്‍ഡ‍ീസിനെതിരെ നാട്ടില്‍ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര അപ്രതീക്ഷിതമായി ബിസിസിഐ പ്രഖ്യാപിച്ചത്. പിന്നാലെ സച്ചിന്‍ വിരമിക്കലും പ്രഖ്യാപിച്ചു. 

സച്ചിന്‍ യുവതലമുറയ്‌ക്ക് വഴിയൊരുക്കണമെന്ന ബി.സി.സി.ഐ താത്പര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍, ഇതിഹാസ താരത്തെ അറിയിച്ചെന്ന് സൂചനയുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷത്തിനിപ്പുറവും ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് സെലക്ഷന്‍ കമ്മിറ്റി ചെയമാനെന്ന നിലയില്‍ സന്ദീപ് പാട്ടീലിന്റെ അവസാന വാര്‍ത്താസമ്മേളനം കഴിഞ്ഞദിവസം നടന്നത്. വിരമിക്കാന്‍ സച്ചിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പാട്ടീല്‍ നിഷേധിച്ചില്ല. നാട്ടില്‍ വച്ച് മാന്യമായി വിരമിക്കാനുള്ള അവസരം എന്‍ ശ്രീനിവാസന്‍ അധ്യക്ഷനായ ബി.സി.സി.ഐ സച്ചിന് നല്‍കിയെന്ന് തന്നെ വേണം പാട്ടീലിന്‍റെ വാക്കുകളില്‍ നിന്ന് മനസിലാക്കാന്‍.