ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലെ സാമ്പത്തിക വിഹിതത്തിനായുള്ള പോരാട്ടത്തില്‍ ബിസിസിഐക്ക് തോല്‍വി. ഐസിസി ബോര്‍ഡ് യോഗത്തിലെ വോട്ടെടുപ്പില്‍ ഇന്ത്യ ഒറ്റപ്പെട്ടു.ഇന്ത്യയുടെ വരുമാനം കുറയ്‌ക്കുന്ന പുതിയ സാമ്പത്തിക ഘടന ഒന്നിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് ഐസിസി അംഗീകരിച്ചു.

ഇന്ത്യയുടെ വിഹിതം കൂട്ടാമെന്ന ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ പോലും ബിസിസിഐ തയ്യാറായിരുന്നില്ല. പുതിയ പരിഷ്കാരമനുസരിച്ച് ബിസിസിഐക്ക് ഐസിസിയില്‍ നിന്ന് 290 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക വിഹിതമാണ് ലഭിക്കുക. ബിഗ് ത്രീ മോഡല്‍ അനുസരിച്ച് ഐസിസി വരുമാനത്തിന്റെ ഭൂരിഭാഗവും പങ്കിട്ടിരുന്ന ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളായിരുന്നു.

ഈ രീതി അനുസരിച്ചുള്ള 570 മില്യണ്‍ ഡോളര്‍ ഐസിസി വിഹിതമായി ലഭിക്കണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. 400 മില്യണ്‍ ഡോളര്‍വരെ വിഹിതമായി നല്‍കാമെന്ന ഐസിസി അധ്യക്ഷന്‍ ശശാങ്ക് മനോഹറിന്റെ നിര്‍ദേശം ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു. ഐസിസിയില്‍ തിരിച്ചടിയേറ്റതോടെ, ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ പങ്കാളിത്തം സംശയത്തിലായി.

സമയപരിധി അവസാനിച്ചിട്ടും, ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഏകദിന ക്രിക്കറ്റിലെ എട്ട് മികച്ച ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് തുടങ്ങുന്നത്.