ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ബുധനാഴ്ച തുടങ്ങാനിരിക്കെയാണ് ഇംഗ്ലണ്ട് ടീമിന്‍റെ ചെലവുകള്‍ ഇസിബി തന്നെ നോക്കണമെന്ന ബിസിസിഐയുടെ അഭ്യര്‍ത്ഥന. ഇന്ത്യയിലെത്തിക്കഴിഞ്ഞ ഇംഗ്ലണ്ട് ടീമിന്‍റെ ഹോട്ടല്‍ ബില്‍, യാത്ര ചെലവുകള്‍ തുടങ്ങിയവയുടെയൊന്നും പണം നല്‍കാന്‍ തങ്ങള്‍ക്കാകില്ലെന്ന് ബിസിസിഐ, ഇസിബിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ഇസിബി സെക്രട്ടറിക്ക് കത്തയച്ചു. 

ലോധ സമിതിയുടെ അനുമതി കൂടാതെ ബിസിസിഐക്ക് പണം ചെലവഴിക്കാനീകില്ലെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പണം ചെലവഴിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ലോധ സമിതിയെ സമീപിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ലോധ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സന്ദര്‍ശക ടീമിനായി പണം ചെലവഴിക്കാനാകില്ലെന്ന നിലപാടിലേക്ക് ബിസിസിഐ എത്തിയിരിക്കുന്നത്.

എന്നാല്‍ ഇംഗ്ലണ്ട് പരമ്പര പ്രതിസന്ധിയിലായാല്‍ ഉത്തരവാദിത്തം ബിസിസിഐക്ക് മാത്രമായിരിക്കുമെന്ന് ലോധ സമിതി അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് പാലിക്കുമോ എന്ന് കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ ബിസിസിഐ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കോടതിനിര്‍ദേശ പ്രകാരം മുന്നോട്ട് പോകുമെന്ന് ലോധ സമിതി അറിയിച്ചു.