മുംബൈ: ഇംഗ്ലണ്ടില്‍ അടുത്ത മാസം തുടങ്ങുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍നിന്ന് ഇന്ത്യ പിന്‍മാറാന്‍ സാധ്യത. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സുരക്ഷാപ്രശ്‌നം ഉയര്‍ത്തിക്കാട്ടിയാണ് ബിസിസിഐ ആശങ്ക അറിയിച്ചത്. ബിസിസിഐ ട്രഷറര്‍ അനിരുദ്ധ ചൗധരിയാണ് ഐസിസിയെ ഇന്ത്യയുടെ ആശങ്ക അറിയിച്ചത്. ഇന്ത്യയുടെ ആശങ്കയോട് രണ്ടുമണിക്കൂറിനകം ഐസിസി മറുപടി അറിയിച്ചു. ഇന്ത്യയുടെ ആശങ്ക തള്ളിക്കളയാനാകാത്തതാണെന്നായിരുന്നു ഐസിസിയുടെ പ്രതികരണം. 

ബിസിസിഐയുടെ അഴിമതിവിരുദ്ധ സമിതിയുടെ കണ്‍സള്‍ട്ടന്റും മുന്‍ ദില്ലി പൊലീസ് കമ്മീഷണറുമായ നീരജ് കുമാറിനെ ഇന്നുതന്നെ ഇംഗ്ലണ്ടിലേക്ക് അയച്ച് സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. നീരജ് കുമാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. 

അതേസമയം ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി ഷെഡ്യൂളില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നാളെയാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുക. 

മാഞ്ചസ്റ്ററില്‍ പ്രമുഖ അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 22 പേര്‍ മരിക്കുകയും 59ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന് പിന്നാലെ ഐസിസി അടിയന്തരയോഗം വിളിച്ച് സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ചാംപ്യന്‍സ് ട്രോഫിയുടെ സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്.