മുംബൈ: ഐപിഎല്ലിൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് 850 കോടി രൂപ ബിസിസിഐ നഷ്ടപരിഹാരം നൽകണമെന്ന് തര്‍ക്ക പരിഹാര കോടതിയുടെ വിധി. കരാര്‍ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്കേഴ്സ് ടീം ഉടമകൾ നൽകിയ ഹര്‍ജിയിലാണ് നടപടി. ബി.സി.സി.ഐ.യുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വര്‍ഷം തോറുമുള്ള 156 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാത്തതിനാണ് 2011 സെപ്റ്റംബറില്‍ കൊച്ചി ടീമിനെ പുറത്താക്കിയത്.
ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്‍പ്പ് അവഗണിച്ച് പ്രസിഡന്‍റായിരുന്ന ശശാങ്ക് മനോഹറാണ് ടസ്കേഴ്സിനെ പുറത്താക്കിയത്. ഇതിനെതിരെയാണ് ടസ്കേഴ്സ് ഉടമളായ റെങ്ദേവു കര്‍സോര്‍ഷ്യം ആര്‍ബിട്രേഷൻ കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമായി ടീം ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനോ ടൂര്‍ണമെന്‍റിലേക്ക് തിരിച്ചെടുക്കാനോ ബിസിസിഐ തയ്യാറായിട്ടില്ലെന്ന് ആര്‍ സി ലഹോട്ടി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പലിശയടക്കം 850 കോടി രൂപ ബി.സി.സി.ഐ. കൊച്ചി ടീമിനു നല്‍കണം. കൊച്ചി ടസ്കേഴ്സിനെതിരെ ബിസിസിഐ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അതില്‍ വിധി വരും മുമ്പുതന്നെ ആര്‍ബേട്രേഷൻ കോടതിയുടെ വിധി. ആര്‍ബിട്രേഷൻ കോടതി വിധിയിലെ തുടര്‍ നടപടികൾ ചര്‍ച്ച ചെയ്യാൻ ഐപിഎൽ ജനറൽ ബോഡി യോഗം വിളിക്കുമെന്ന് ചെയര്‍മാൻ രാജീവ് ശുക്ല പറഞ്ഞു. ചര്‍ച്ചകൾക്ക് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ശുക്ല വ്യക്തമാക്കി
