ബുറുണ്ടിയിലെ ആഭ്യന്തര യുദ്ധത്തിന്‍റെ ചോരപ്പുഴകളിൽ നിന്നും ബോംബ് സ്ഫോടനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഓടിയ ഒരു ദമ്പതികളുടെ മകനായി 2006-ൽ ടാൻസാനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് നെസ്റ്റോറി ഇറങ്കുണ്ട ജനിക്കുന്നത്.
ന്യൂയോര്‍ക്ക്: ചോരയും കണ്ണീരും കൊണ്ട് എഴുതപ്പെട്ട ഒരു ജീവിതകഥയിലൂടെ ലോകകപ്പിന്‍റെ വലിയ വേദിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ യുവവിസ്മയം നെസ്റ്റോറി ഇറങ്കുണ്ട. തുർക്കിക്കെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ ഗോൾ നേടി ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയതോടെയാണ് ഇറങ്കുണ്ടയുടെ പോരാട്ടവീര്യം ലോകം ചർച്ച ചെയ്യുന്നത്. വെറുമൊരു ഫുട്ബോൾ വിജയത്തിനപ്പുറം, മരണത്തിന്‍റെ നിഴലിൽ നിന്ന് ജീവൻ മാത്രം കൈയിലെടുത്ത് ഓടിയ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണിത്.
2006-ൽ ഒരു കൂടാരത്തിൽ പിറന്ന വിധി
ബുറുണ്ടിയിലെ ആഭ്യന്തര യുദ്ധത്തിന്‍റെ ചോരപ്പുഴകളിൽ നിന്നും ബോംബ് സ്ഫോടനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഓടിയ ഒരു ദമ്പതികളുടെ മകനായി 2006-ൽ ടാൻസാനിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് നെസ്റ്റോറി ഇറങ്കുണ്ട ജനിക്കുന്നത്. ചുറ്റും പട്ടിണിയും പരീക്ഷണങ്ങളും മാത്രം നിറഞ്ഞ ആ കൂടാരത്തിനുള്ളിൽ കരഞ്ഞുതീർത്ത അമ്മ, തന്‍റെ മകൻ ഒരുനാൾ ലോകത്തിന്‍റെ നെറുകയിലെത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
പിന്നീട് അഭയാർത്ഥികളായി ഓസ്‌ട്രേലിയയിൽ എത്തിയതോടെയാണ് ഇറങ്കുണ്ടയുടെ ജീവിതം മാറുന്നത്. സ്വന്തം ഭൂതകാലം നഷ്ടപ്പെട്ട ആ ബാലൻ പുതിയ മണ്ണിൽ തന്റെ ശ്വാസമായി ഫുട്ബോളിനെ കൂടെക്കൂട്ടി. മറ്റ് കുട്ടികൾ കളിപ്പാട്ടങ്ങളുമായി നടന്നപ്പോൾ നെസ്റ്റോറി തകർന്ന കൈനഖങ്ങളുമായി മൈതാനത്ത് പന്തിന് പുറകെ പാഞ്ഞു. ഒടുവിൽ അഡലെയ്ഡ് യുണൈറ്റഡിന്റെ ജേഴ്‌സിയിലൂടെ അവൻ പ്രൊഫഷണൽ ഫുട്ബോളിലേക്ക് പിച്ചവെച്ചു.
ബയേൺ മ്യൂണിക്കിന്‍റെ ആഡംബര ബെഞ്ചും വഴിത്തിരിവായ തീരുമാനവും
അഡലെയ്ഡ് യുണൈറ്റഡിനായി കാറ്റ് പോലെ പാഞ്ഞ ഇറങ്കുണ്ടയെ തേടി ലോക ഫുട്ബോളിലെ മഹാമേരുക്കളായ ബയേൺ മ്യൂണിക്കിന്റെ വിളിയെത്തി. ഹാരി കെയ്‌നെപ്പോലുള്ള ലോകോത്തര താരങ്ങൾക്കൊപ്പം ഒരേ ഡ്രസ്സിങ് റൂം പങ്കിടാൻ കഴിഞ്ഞെങ്കിലും ആ ആഡംബര തിളക്കത്തിന് പിന്നിൽ ബെഞ്ചിലിരിക്കേണ്ടി വന്ന ഒരു കൗമാരക്കാരന്റെ നെഞ്ചുരുകുന്ന വേദനയുണ്ടായിരുന്നു. ലോകകപ്പ് എന്ന സ്വപ്നം കൈവിട്ടുപോകുമെന്ന് തോന്നിയ നിമിഷത്തിൽ അവൻ കരിയറിലെ ഏറ്റവും കടുത്ത തീരുമാനമെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിന്‍റെ ബെഞ്ച് ഉപേക്ഷിച്ച് അവൻ ഇംഗ്ലീഷ് ക്ലബ്ബായ വാട്ട്ഫോർഡിലേക്ക് മാറി. പലരും അതിനെ ഭ്രാന്തൻ തീരുമാനമെന്ന് പരിഹസിച്ചപ്പോഴും, "ബെഞ്ചിലിരുന്ന് സ്വപ്നം കാണുന്നതിലും നല്ലത് കളിമണ്ണിലിറങ്ങി ചോരയൊഴുക്കി പോരാടുന്നതാണ്" എന്ന ചിന്തയായിരുന്നു അവനെ നയിച്ചത്. ആ പോരാട്ടവീര്യം അവന് മുന്നിൽ വീണ്ടും ലോകകപ്പിന്റെ വാതിലുകൾ തുറന്നു നൽകി.
ലോകകപ്പ് ചരിത്രത്തിലേക്ക് ആ മിന്നൽ ഷോട്ട്
തുർക്കിക്കെതിരായ ലോകകപ്പ് മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ച ആ സുവർണ്ണ നിമിഷം പിറന്നത്. പ്രതിരോധ നിരയെ മിന്നൽ വേഗത്തിൽ വെട്ടിച്ച് ഇറങ്കുണ്ട തൊടുത്ത ആ ഷോട്ട് തുർക്കിയുടെ വല കുലുക്കിയപ്പോൾ പിറന്നത് വെറുമൊരു ഗോൾ ആയിരുന്നില്ല. അത് ടാൻസാനിയയിലെ ആ ഇരുണ്ട അഭയാർത്ഥി ക്യാമ്പിന്‍റെന്റെ വിജയമായിരുന്നു. ജനിച്ചപ്പോൾ തങ്ങളെ തുരത്തിയോടിച്ച യുദ്ധത്തോടുള്ള മധുരപ്രതികാരമായിരുന്നു. ലോകത്തിന്‍റെ വിവിധ കോണുകളിൽ അഭയം തേടി അലയുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയുടെ വിജയമായിരുന്നു അത്.
ഗോൾ നേടിയ ശേഷം തന്റെ കുട്ടിക്കാലത്തെ ഹീറോ ടിം കാഹിലിന്‍റെ ശൈലിയിൽ കോർണർ ഫ്ലാഗിനടുത്ത് പോയി ബോക്സിങ് ആക്ഷനിലൂടെ അവൻ അത് ആഘോഷിച്ചു. ഒരിക്കൽ പട്ടിണി കിടന്ന ആ കുട്ടി ഇന്ന് ലോകത്തോട് വിളിച്ചു പറയുകയാണ്: "നിങ്ങൾ എവിടെ ജനിച്ചു എന്നതല്ല നിങ്ങളുടെ വിധി, നിങ്ങൾ എത്ര ദൂരം സ്വപ്നം കാണാൻ ധൈര്യപ്പെടുന്നു എന്നതാണ് നിങ്ങളുടെ ജീവിതം. ക്ലാസ് മുറികളിലോ ആഡംബര അക്കാദമികളിലോ അല്ല, മറിച്ച് അതിജീവനത്തിന്‍റെ കനലുകളിലാണ് പ്രതിഭകൾ വളരുന്നതെന്ന് തെളിയിക്കുകയാണ് നെസ്റ്റോറി ഇറങ്കുണ്ട. ഫുട്ബോൾ ചരിത്രത്തിൽ ഈ പേര് ഇനി വെറുമൊരു താരത്തിന്‍റേതല്ല, തോറ്റുകൊടുക്കാത്ത മനുഷ്യ മനസ്സിന്‍രെ പ്രതീകമാണ്.
