ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനാണ് ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് മുമ്പായി ക്യാപ്റ്റനെ പ്രഖ്യാപിക്കേണ്ടതുണ്ട്. സാധാരണ സെലക്ടര്‍മാരും കോച്ചും ക്യാപ്റ്റനും പങ്കെടുക്കുന്ന യോഗത്തിലേക്ക് കോലിയെ ക്ഷണിച്ച ബി.സി.സി.ഐ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റാരെയും പരിഗണിക്കുന്നില്ലെന്ന വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത്. ടീമില്‍ ആരൊക്കെ ഇടം പിടിക്കും എന്നതിനൊപ്പം ഏതൊക്കെ സെലക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും എന്നതും കണ്ടറിയേണ്ടിരിക്കുന്നു. ടെസ്റ്റ് കളിച്ചവര്‍ക്ക് മാത്രമേ സെലക്ടര്‍മാരാകാന്‍ കഴിയൂ എന്നാണ് ലോധ സമിതിയുടെ നിബന്ധന. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലെ ജിതിന്‍ പരഞ്ച്പേ, ഗഗന്‍ ഖോഡ എന്നിവര്‍ ടെസ്റ്റ് കളിച്ചിട്ടില്ല. 

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ എം.എസ്.കെ പ്രസാദ്, ഗേവാങ് ഗാന്ധി, ശരണ്‍ദിപ് സിങ് എന്നിവര്‍ മാത്രമേ ഇന്നത്തെ യോഗത്തിലെത്താനിടയുള്ളൂ. ജിതിന്‍ പരഞ്ച്പേക്കും, ഗഗന്‍ ഖോഡക്കും ടാലന്‍റ് കോര്‍ഡിനേറ്റേഴ്‌സ് എന്ന പുതിയ പദവി നല്‍കുന്നതിനെക്കുറിച്ചും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. യോഗം തുടങ്ങിക്കാഴിഞ്ഞാല്‍ പ്രമുഖ കളിക്കാരുടെ പരിക്കാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള വെല്ലുവിളി. രോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജയന്ത് യാദവ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. അശ്വിനോ ജഡേജക്കോ വിശ്രമം നല്കാനും ആലോചനയുണ്ട്. പരിക്ക് ഭേദമായ ആശിഷ് നെഹ്റ ടീമിലെക്ക് മടങ്ങിയെത്തിയേക്കും. രോഹിതിന്റെ അഭാവത്തില്‍ ആര് ഓപ്പണറാകുമെന്നും തീരുമാനിക്കണം. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച കരുണ്‍ നായര്‍ ഏകദിന ടീമിലെത്താനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരെ ഇനി മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്‍റി 20യുമാണുള്ളത്.